വീട്ടിൽ ഭർതൃസഹോദരന്റെ വിലക്ക്; പ്രാഥമികാവശ്യങ്ങൾക്ക് 75-കാരി എം.സി. റോഡ് മുറിച്ചുകടക്കണം


ബക്കറ്റുമായി എം.സി. റോഡു മുറിച്ചുകടക്കുന്ന കുഞ്ഞമ്മ

ചെങ്ങന്നൂർ: പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ തിരക്കേറിയ എം.സി. റോഡു മുറിച്ചുകടക്കേണ്ട ഗതികേടിലാണ് 75-കാരിയായ കുഞ്ഞമ്മ. വീട്ടിലുണ്ടായിരുന്ന സൗകര്യം ഭർത്തൃസഹോദരൻ തടഞ്ഞതോടെയാണ് ഈ ദുർഗതി. എം.സി. റോഡിൽ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും മധ്യേയുള്ള പ്രാവിൻകൂട് ജങ്ഷനിൽ ദിവസേന പലതവണ ആ വയോധിക കാത്തുനിൽക്കും; റോഡു മുറിച്ചുകടന്ന് അപ്പുറത്തെ ബന്ധുവീട്ടിൽപ്പോയി ആ ‘ശങ്ക’ തീർക്കാൻ.

ദിവസവും അഞ്ചുതവണയെങ്കിലും റോഡു മുറിച്ചുകടക്കണം. മഴയും തിരക്കുമുള്ളപ്പോൾ റോഡു മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. സമീപത്ത് ആരെങ്കിലുമുണ്ടെങ്കിൽ അവർ സഹായിക്കും. രണ്ടാഴ്ചയായി ഇതാണവസ്ഥ - കുഞ്ഞമ്മയെന്ന വയോധിക നിസ്സഹായയായി പറയുന്നു.

ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്ത് ആറാംവാർഡ് പ്രാവിൻകൂട്ടിൽ കുറ്റിക്കാട്ടിൽ വീടിന്റെ രണ്ടുമുറികളാണ് കുഞ്ഞമ്മയ്ക്കു സ്വന്തമായുള്ളത്. വീടിനോടുചേർന്നു മുൻവശത്ത് ഒരു ചെറിയ പെട്ടിക്കടയുണ്ട്. അതാണ് ഏക വരുമാനമാർഗം. ഭർത്താവ് എബ്രഹാം നാലുവർഷംമുമ്പു മരിച്ചു. ഏകമകളെ കല്യാണം കഴിച്ചുവിട്ടു.

വീടിന്റെ മറ്റൊരുഭാഗത്ത് ഭർത്താവിന്റെ സഹോദരനാണു താമസിക്കുന്നത്. ഈയടുത്ത് വീടിന്റെ അറ്റകുറ്റപ്പണി പള്ളിയുടെ സഹായത്തോടെ ചെയ്തു. അതിനായി കുഞ്ഞമ്മ നേരത്തേയുണ്ടായിരുന്ന ഒരു മുറികൂടി ഭർത്തൃസഹോദരനു വിട്ടുകൊടുത്തു. എന്നാൽ, അറ്റകുറ്റപ്പണി തുടങ്ങി ശൗചാലയത്തിൽ പുതിയ ക്ലോെസറ്റുവെക്കാൻ വന്നപ്പോൾ ഭർതൃസഹോദരൻ തടഞ്ഞതായി കുഞ്ഞമ്മ ചെങ്ങന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ശൗചാലയവും സഹോദരനു നൽകണമെന്നു കാട്ടിയാണ് പണി തടഞ്ഞതെന്നും ഇതേച്ചൊല്ലി തന്നെ ഭീഷണിപ്പെടുത്തുന്നെന്നുമാണ് പരാതി. അന്നുമുതൽ കുഞ്ഞമ്മയ്ക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെയായി.

ഇപ്പോൾ റോഡിനെതിർവശത്തെ ബേബിയെന്ന ബന്ധുവിന്റെ വീടാണാശ്രയം. കുഞ്ഞമ്മയുടെ അവസ്ഥ മനസ്സിലാക്കിയ ബേബിയും പ്രദേശവാസികളുമാണ് താങ്ങായി ഒപ്പംനിൽക്കുന്നത്. എന്നാൽ, ഈ പ്രായത്തിൽ തിരക്കേറിയ റോഡു മുറിച്ചുകടക്കുന്നത് അപകടകരമാണ്. രക്തസമ്മർദവും പ്രമേഹവുമടക്കം വാർധക്യസഹജമായ രോഗങ്ങൾ കുഞ്ഞമ്മയെ അലട്ടുന്നുണ്ട്.

പഞ്ചായത്തിനും അനക്കമില്ല; പോലീസിൽ പരാതി നൽകി

തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ താമസക്കാരിയാണ് കുഞ്ഞമ്മ. പഞ്ചായത്ത് പ്രസിഡന്റിനെയടക്കം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു പറയുന്നു.

നവംബർ 25-ന് കുഞ്ഞമ്മ ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. എന്നാൽ, ഇതുവരെ വിഷയം പരിഹരിച്ചിട്ടില്ല. സംഭവത്തിൽ രാഷ്ട്രീയസമ്മർദമുള്ളതായി സൂചനയുണ്ട്. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ വ്യാഴാഴ്ചയും ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുത്തില്ലെന്നും കുഞ്ഞമ്മ പറഞ്ഞു.

Content Highlights: toilet facilities not allowed in home 75 year old depending on her neighbours

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..