പെൺമക്കളെയോർത്ത് അഭിമാനത്തോടെ 25 രക്ഷിതാക്കൾ

സ്കോളർഷിപ്പ് സ്വീകരിക്കാനെത്തിയ രക്ഷിതാക്കൾ നിഷാദ്-ഹസീന ദമ്പതിമാർക്കൊപ്പം

ദുബായ്: ‘‘എന്റെ മകൾ നന്നായി പഠിക്കും. അവൾ പഠിച്ച് നല്ലൊരുജോലി നേടിയാൽ എന്റെ ബുദ്ധിമുട്ടുകൾ എല്ലാം അവസാനിക്കും’’- കഴിഞ്ഞ 43 വർഷമായി പ്രവാസജീവിതം നയിക്കുന്ന, ഇപ്പോൾ അബുദാബിയിലെ ഒരു വീട്ടിൽ ജോലിചെയ്യുന്ന ഖാലിദിന്റെ വാക്കുകളാണിത്. ‘‘എന്റെ പ്രതീക്ഷ എന്റെ മകളിലാണ്, അവളുടെ വിദ്യാഭ്യാസത്തിനുവേണ്ടി എത്രകാലം കഷ്ടപ്പെടാനും ഞാൻ തയ്യാറാണ്’’ -ഷാർജയിലെ ഒരു ക്ളീനിങ് കമ്പനിയിൽ ജോലിചെയ്യുന്ന ജിജി പറയുന്നു. ‘‘ജീവിത സാഹചര്യംകൊണ്ട് പണ്ടെനിക്ക് പഠിക്കാൻ സാധിച്ചില്ല, മകൾ പഠിച്ച് ഒരു ഡോക്ടറായി കാണണം എന്നാണ് എന്റെ ആഗ്രഹം’’ -ഷാർജയിൽ ഒരു ആയുർവേദിക് സെന്ററിൽ ജോലിചെയ്യുന്ന ഉണ്ണികൃഷ്ണൻ പ്രതീക്ഷ പങ്കുവെച്ചു.

പഠിക്കാൻ മിടുക്കികളായ പെൺകുട്ടികൾക്ക് യു.എ.ഇ. യിലെ വനിതാ സംരംഭക ഹസീനാ നിഷാദിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ അൽമിറ സ്കോളർഷിപ്പ് സ്വീകരിക്കാനെത്തിയതായിരുന്നു യു.എ.ഇ. യുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഇത്തരത്തിലുള്ള 25-ഓളം പ്രവാസികൾ.

ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തത്. മക്കളുടെ പേരിൽ അഭിമാനിച്ച്, തലയുയർത്തിപ്പിടിച്ച് രക്ഷിതാക്കൾ സ്കോളർഷിപ്പ് സ്വീകരിച്ചു. കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വീതമുള്ള അൽമിറ സ്കോളർഷിപ്പ് ഇത്തവണ നാട്ടിൽ ഹയർ സെക്കൻഡറി പൊതുപരീക്ഷ എഴുതുന്ന 25 പെൺകുട്ടികൾക്കാണ് ലഭിച്ചത്. ആയിരത്തോളം അപേക്ഷകരിൽനിന്ന് പ്ലസ് വണ്ണിൽ ലഭിച്ച മാർക്കിന്റെയും യു.എ.ഇ. യിൽ ജോലിചെയ്യുന്ന രക്ഷിതാവിന്റെ സാമ്പത്തിക സാഹചര്യവും പരിഗണിച്ചാണ് മിടുക്കികളെ തിരഞ്ഞെടുത്തത്.

നിഷാദ്-ഹസീന ദമ്പതികളുടെ മകളുടെ പേരിൽ ഏർപ്പെടുത്തിയതാണ് സ്കോളർഷിപ്പ്. അത് സ്വീകരിക്കാനെത്തിയ ഓരോ രക്ഷിതാവിനും തങ്ങളുടെ മകളെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. അതുകൊണ്ടാണ് പുരോഗമനം വിദ്യാഭ്യാസത്തിലൂടെ എന്ന ആശയം ഉൾകൊണ്ട്, ഞങ്ങളുടെ മകളുടെ പേരിലുള്ള അൽമിറ സ്കോളർഷിപ്പ് ഈ വനിതാ ദിനത്തിൽ വിതരണം ചെയ്തതെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് എം.ഡി. ഹസീന നിഷാദ് പറഞ്ഞു.

പെൺകുട്ടികളെ എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിച്ച് പറഞ്ഞയയ്ക്കുക എന്ന ചിന്തയിൽനിന്ന് ഭൂരിഭാഗം പ്രവാസികളും മാറിയെന്നതിന്റെ ഏറ്റവും മികച്ച തെളിവായിരുന്നു ഈ സ്കോളർഷിപ്പ് പ്രഖ്യാപിച്ചപ്പോൾ ലഭിച്ച പ്രതികരണമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽനടന്ന ചടങ്ങിലാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്.

Related Stories
×