ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ബ്രഹ്മപുരത്ത് ബയോ മൈനിങ്ങിന് ഉപ കരാർ നൽകിയതിനെച്ചൊല്ലി രാഷ്ട്രീയ ആരോപണങ്ങൾ കൊഴുക്കുന്നു. കരാറിനെക്കുറിച്ച് അറിഞ്ഞിട്ടും കൊച്ചി നഗരസഭ വേണ്ട നടപടിയെടുത്തില്ലെന്നതാണ് പ്രധാന കുറ്റമായി ഉയർത്തിക്കാണിക്കുന്നത്. സോണ്ട ഇൻഫോ ടെക് ബയോ മൈനിങ്ങിനുള്ള കരാർ ഒപ്പുവെച്ചശേഷം പ്രവൃത്തിയുടെ പ്രധാന ഭാഗം ചെയ്യുന്നതിനായി മറ്റൊരു കമ്പനിയുമായി ഉപ കരാറിൽ ഏർപ്പെട്ടതാണ് ചർച്ചയാവുന്നത്.
നഗരസഭ ബയോ മൈനിങ് കാര്യങ്ങൾക്ക് ബന്ധപ്പെട്ടിരുന്നത് ഉപ കരാർ ഏറ്റെടുത്ത കമ്പനിയുമായിട്ടാണ്. എന്നിട്ടും അവരെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറായില്ലെന്നത് ദുരൂഹമാണ്. ബ്രഹ്മപുരത്ത് തീപിടിച്ചപ്പോൾ അവിടെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ഉപ കരാർ എടുത്തവരായിരുന്നു. അഗ്നിരക്ഷാ സേനയും മറ്റും സൈറ്റ് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതും ഇവരിൽനിന്നായിരുന്നു. ഇവരുടെ ഉപകരണങ്ങളും ആദ്യഘട്ടത്തിൽ അഗ്നിരക്ഷാ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നു.
ഉപ കരാറിനു പിന്നിൽ സി.പി.എമ്മാണെന്നുള്ള രാഷ്ട്രീയ ആരോപണം ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഉപ കരാർ എടുത്തവരുമായി മേയറുടെ ചേംബറിൽവെച്ചുവരെ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. വലിയ കരാറിൽ സി.പി.എമ്മിന്റെ ഉന്നതർക്കാണ് ബന്ധമെങ്കിൽ ഉപ കരാറിൽ ജില്ലയിലെ നേതാക്കൾക്കാണ് ബന്ധമെന്ന് മുൻ മേയർ ടോണി ചമ്മണി ‘മാതൃഭൂമി’യോട് പറഞ്ഞു. കോർപ്പറേഷൻ ഭരണക്കാരുടെ അറിവോടെയാണ് ഉപ കരാർ നൽകിയിട്ടുള്ളത്. മേയറുടെ ചേംബറിൽവെച്ചുതന്നെയാണ് ചർച്ചകൾ നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ഉപ കരാർ ഉണ്ടെന്ന് താൻ നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇത്തരം പ്രവൃത്തികളിൽ ഒരു പരിചയവുമില്ലാത്ത പുസ്തകം വിൽക്കുന്ന ഒരു വ്യാപാരിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. ഇതിനുപിന്നിൽ വലിയ ശക്തികൾതന്നെയുണ്ട്. കാര്യങ്ങളെല്ലാം പുറത്തുവരണമെങ്കിൽ സി.ബി.ഐ. അന്വേഷണം വേണം. ഇതിനായി കോടതിയെ സമീപിക്കുമെന്നും ടോണി പറഞ്ഞു.
ഉപ കരാർ എടുത്തുവെന്ന് പറയപ്പെടുന്നവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് മേയർ എം. അനിൽകുമാർ ‘മാതൃഭൂമി’യോട് പറഞ്ഞു. അവർക്ക് പണം ലഭിക്കാത്തതിനെത്തുടർന്ന് പ്രവൃത്തി നിലയ്ക്കുന്ന സ്ഥിതി ഉണ്ടായപ്പോഴാണ് ചർച്ച നടത്തേണ്ടിവന്നത്. അന്ന് അന്വേഷിച്ചപ്പോൾ വാഹനങ്ങളുടെ ഇടപാടുകളും മറ്റും നടത്തുന്നുവെന്നാണ് അവർ പറഞ്ഞിരുന്നത്.
ബയോ മൈനിങ് സംബന്ധിച്ച കരാറിനു നിരക്കാത്ത എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് നഗരസഭാ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രഹ്മപുരം സംബന്ധിച്ച വലിയ അന്വേഷണം തന്നെ നടക്കുന്നുണ്ട്. അതിൽ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും മേയർ പറഞ്ഞു.
അതേസമയം ഉപ കരാറുമായി പ്രതിപക്ഷത്തിനുള്ള ബന്ധവും ചർച്ചയാവുന്നുണ്ട്. കോൺഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാവിന്റെ മകന് ഉപ കരാർ ഏറ്റെടുത്ത കമ്പനിയുമായുള്ള ബന്ധമാണ് ഇതിന് ആധാരം. ബയോ മൈനിങ് ഏറ്റെടുത്ത കമ്പനിയെ സമ്മർദത്തിലാക്കി ഉപ കരാർ സംഘടിപ്പിച്ചുവെന്നാണ് ആക്ഷേപം. അതിനായി പാർട്ടിയുടെ ചില കൗൺസിലർമാരെ ഉപയോഗപ്പെടുത്തിയെന്നത് കോൺഗ്രസിനകത്തും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.
Content Highlights: brahmapuram waste plant bio mining contract
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..