ഷണ്മുഖൻ തന്റെ വീടിനുമുന്നിൽ
അരൂർ : എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന ഒറ്റമുറിക്കുടിൽ ഭാഗ്യദേവതയുടെ കണ്ണിൽപ്പെട്ടപ്പോൾ ഷണ്മുഖൻ ലക്ഷാധിപതിയായി. അരൂർ ആറാം വാർഡിലെ പുത്തൻവീട് ഷണ്മുഖനാണ് ശനിയാഴ്ചത്തെ ‘കാരണ്യ’ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയ്ക്ക് അർഹനായത്. കെ.ഒ. 891810 എന്ന നമ്പരിനൊപ്പം അരൂർ ലക്ഷ്മി ഏജൻസിയിൽ നിന്ന് ഇതേ നമ്പരിലുള്ള നാല് ടിക്കറ്റുകൾ കൂടി ഇദ്ദേഹം എടുത്തു. അതിനാൽ, ഒന്നാം സമ്മാനത്തിനൊപ്പം സമാശ്വാസ സമ്മാനമായി 8,000 രൂപ വീതം ഈ നാല് ടിക്കറ്റുകൾക്കും ലഭിക്കും.
51 കാരനായ ഷണ്മുഖൻ കരിങ്കൽക്കെട്ട് തൊഴിലാളിയാണ്. പ്ലാസ്റ്റിക് ഷീറ്റിട്ട് മറച്ച ഒറ്റമുറിവീട് പുതുക്കിപ്പണിയാൻ മുട്ടാത്ത വാതിലുകളില്ല. അതിനാൽത്തന്നെ ഈ ഭാഗ്യകടാക്ഷം ഈശ്വരാനുഗ്രഹമായിട്ടാണ് ഷണ്മുഖനും ഭാര്യ ഷീലയും കാണുന്നത്. സ്ഥിരമായി ഭാഗ്യം പരീക്ഷിക്കാറുണ്ട് ഇദ്ദേഹം. ചെറിയ തുകകൾ മുൻപ് കിട്ടിയിട്ടുമുണ്ട്.
ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് യൂണിയൻ ബാങ്ക് ചന്തിരൂർ ശാഖയിൽ ഏൽപ്പിച്ചു. സമ്മാനത്തുക കൊണ്ട് നല്ലൊരു വീട് നിർമിക്കണമെന്നാണ് ആഗ്രഹം. മക്കളായ വൈശാഖിനും വൈഷ്ണവിനുമൊപ്പമാണ് താമസം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..