പാടത്തിക്കര തുരുത്ത് റോഡിൽ പിണർമുണ്ട പള്ളിക്കുസമീപം റോഡ് ഇടിഞ്ഞനിലയിൽ
പള്ളിക്കര : കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര-പിണർമുണ്ട തുരുത്ത് റോഡ് അപകട ഭീഷണിയിൽ. പിണർമുണ്ട ജുമാ മസ്ജിദിനുസമീപം ഏതുസമയത്തും റോഡ് ഇടിഞ്ഞ് നിലംപൊത്തുമെന്ന അവസ്ഥയിലാണ്. റോഡിന്റെ സംരക്ഷണഭാഗം ഇടിഞ്ഞ നിലയിലാണ്. ഇതിനോടുചേർന്നാണ് നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന മദ്രസ കെട്ടിടമുള്ളത്.
റോഡ് ഇടിഞ്ഞതോടെ മദ്രസ കെട്ടിടത്തിനും ഇത് ഭീഷണിയാണ്. നാട്ടുകാർ കയർകെട്ടി അപകടസൂചന കാണിച്ചിട്ടുണ്ട്. പാടത്തിക്കര, അമ്പലപ്പടി അബേദ്കർ റോഡ്, പാടത്തിക്കര തുരുത്ത് റോഡ് എന്നിവ സംഗമിക്കുന്ന പ്രദേശം കൂടിയാണിത്. റോഡ് കുറുകെ പൊട്ടിയ അവസ്ഥയിലായിരുന്നു. മഴ ശക്തമായതോടെ ഇടിച്ചിൽ കൂടി. ഇതേത്തുടർന്ന് ഇതിനോട് ചേർന്നുനിന്നിരുന്ന ട്രാൻസ്ഫോർമർ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരെത്തി മാറ്റിയിരുന്നു.
ഇരുചക്രവാഹനങ്ങളും സ്‌കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഇൻഫോപാർക്ക് രണ്ടാംഘട്ട മേഖലയിലേക്ക് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്ക് എത്തിച്ചേരുവാൻ എളുപ്പവഴി കൂടിയാണിത്.
മഴ കൂടുതൽ ശക്തമാകുന്നതോടെ റോഡ് പൂർണമായും ഇടിഞ്ഞ് ഏതുസമയത്തും ഗതാഗതം സതംഭിക്കുമെന്ന അവസ്ഥയിലാണ്. ഇതോടെ പാടത്തിക്കര തുരുത്തിലേക്ക് എത്തിച്ചേരുന്നതും ബുദ്ധിമുണ്ടാകും.
നിരവധി വീടുകൾ ഉള്ള പ്രദേശവുമാണിത്.
അതിനാൽ റോഡ് ഇടിഞ്ഞാൽ ഇവിടെയുള്ളവർ ഒറ്റപ്പെടുന്ന അവസ്ഥയും ഉണ്ടാകും. ഇടിഞ്ഞഭാഗം കരിങ്കല്ലുകെട്ടി പൊക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ആഴ്ചകൾക്കുമുമ്പ് എം.പി., എം.എൽ.എ., മറ്റ് പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..