ചക്ക കിട്ടാത്തതിന് അരിശം വീടിനു നേരേ; വാവേലിയെ വിറപ്പിച്ച് ചുള്ളിക്കൊമ്പൻ


കഴിഞ്ഞയാഴ്ച വീടിന് സമീപത്തെ പ്ലാവിൽനിന്ന് രാത്രി ചക്കപറിക്കുന്ന കൊമ്പൻ, വീടിന്റെ ഭിത്തിയിൽ കൊമ്പൻ കുത്തിയുണ്ടാക്കിയ ദ്വാരം (വലത്ത്)

കോട്ടപ്പടി : വാവേലിയിൽ ചക്ക തിന്നാനെത്തിയ കൊമ്പൻ, പ്ലാവ്‌ കാണാതെവന്നപ്പോൾ അരിശം തീർത്തത് വീടിനു നേരേ. ആറുദിവസം മുമ്പ് ഇതേ വീടിന് മുകളിലേക്ക് മരം മറിച്ചിട്ടായിരുന്നു കൊമ്പന്റെ പരാക്രമം. ചക്കക്കൊതിയനായ ചുള്ളിക്കൊമ്പനെക്കൊണ്ട്‌ (ചെറിയകൊമ്പുള്ള ആന) നാട്ടുകാരും തോറ്റു.

ദിവസങ്ങളായി കൊമ്പന്റെ കലിയാട്ടം തുടങ്ങിയിട്ട്. വാവേലി ചിരട്ടയ്ക്കൽ കുഞ്ഞുമോന്റെ വീടിനു നേരേയാണ് കൊമ്പൻ വീണ്ടും ആക്രമണം നടത്തിയത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.

വനാതിർത്തിയിലാണ് വീട്. വനത്തിൽനിന്ന് ഫെൻസിങ് തകർത്താണ് കൊമ്പൻ പുരയിടത്തിലേക്ക് പ്രവേശിച്ചത്. ചക്കയും പ്ലാവും നോക്കി പത്തുമിനിറ്റോളം വേലിക്കപ്പുറത്ത്‌ നിന്ന കൊമ്പൻ, അതു കാണാതെവന്നപ്പോഴാണ് ആക്രമണകാരിയായതെന്ന് കരുതുന്നു. രാത്രിയിൽത്തന്നെ വനംകുപ്പ് ദൗത്യസംഘം സ്ഥലത്തെത്തിയതാണ് വീട്ടുകാരുടെ ആശ്വാസം.

24-ന് രാത്രി പത്തോടെ വനാതിർത്തിയിൽ നിന്ന അക്വേഷ്യമരം കുഞ്ഞുമോന്റെ വീടിന് മുകളിലേക്ക്് മറിച്ചിട്ടിരുന്നു. ചുള്ളിക്കൊമ്പൻ ചക്കതിന്നുന്ന ദൃശ്യം ഉൾപ്പെടെ വീട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ്് പ്രത്യേക ദൗത്യസംഘത്തിന്റെ നിർദേശാനുസരണം വനത്തിൽ നിന്നിരുന്ന രണ്ട് പ്ലാവും വെട്ടിനീക്കിയിരുന്നു.

ഇതിനുശേഷം കഴിഞ്ഞ ദിവസങ്ങളിൽ സമീപത്ത്് കൊമ്പനെ കാണാറില്ലായിരുന്നു. ചക്കകിട്ടാത്ത ദേഷ്യത്തിന് ബുധനാഴ്ച രാത്രി മുക്കാൽ മണിക്കൂറോളം കൊമ്പൻ വീടിനുചുറ്റും ചിന്നംവിളിച്ച് പരാക്രമം കാട്ടി. കണ്ണിൽക്കണ്ടതെല്ലാം വലിച്ചെറിഞ്ഞു. ഷെഡ് തകർത്തു.

ചുമരിൽ ചാരിവെച്ചിരുന്ന ഇരുമ്പുകോണി എടുത്തെറിഞ്ഞു. കൊമ്പനെ കണ്ട് കുരച്ച വളർത്തുനായുടെ നേർക്കും പാഞ്ഞടുത്തു. നായയെ കിട്ടാത്ത ദേഷ്യത്തിന് കിടപ്പുമുറിയുടെ ചുമരിൽ കൊമ്പൻ ആഞ്ഞുകുത്തി. കൊമ്പന്റെ വിളയാട്ടം ജനാലയിലൂടെ കണ്ട വീട്ടുകാർ ഭയവിഹ്വലരായി. കുഞ്ഞുമോനും ഭാര്യയും മകൻ മഞ്ജേഷും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം ആശങ്കയിലായിരുന്നു.

രണ്ടു പ്രാവശ്യം പുരയിടത്തിന് പുറത്തുകടന്ന ആന തിരിച്ചുവന്ന് വിളയാടുകയായിരുന്നു.

വിളിച്ചാൽ കേൾക്കാൻ സമീപത്ത് വീടുകളില്ല. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുബത്തിന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനുള്ള സാമ്പത്തികശേഷിയില്ല. കുഞ്ഞുമോന്റെ മകൻ മഞ്ജേഷിന്റെ കൊച്ചുകുട്ടികൾക്ക് ആനപ്പേടി കാരണം സ്കൂളിൽ പോകാനുമാകുന്നില്ല.

രാത്രി നിത്യേനയുള്ള ആനശല്യം കാരണം കുട്ടികൾക്ക് ഉറങ്ങാനാവുന്നില്ല. പേടിച്ചുവിറച്ചാണ് കുട്ടികൾ കഴിയുന്നത്. പകൽപോലും കുട്ടികളെ മുറ്റത്തേക്കിറക്കാൻ പേടിയാണെന്ന് വീട്ടുകാർ പറഞ്ഞു. വനംവകുപ്പ് തന്നെ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ശല്യക്കാരനായ ആനയെ വനത്തിൽനിന്ന് തുരത്തി ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പ് നൽകണമെന്ന് വാർഡ് മെംബർ സന്തോഷ് അയ്യപ്പൻ പറഞ്ഞു. വാഗ്ദാനംകൊണ്ട് കാര്യമില്ല. ഡി.എഫ്.ഒ. ഉൾപ്പെടെ ഉന്നതർ സ്ഥലത്തെത്തി ശാശ്വത പരിഹാരം ഉറപ്പാക്കണമെന്നും സന്തോഷ് ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..