ലഹരികൊലകളിൽ കൊച്ചി


Caption

കൊച്ചി : ആറു ദിവസത്തിനിടെ കൊച്ചിയിൽ മൂന്നു കൊലപാതകങ്ങൾ. രണ്ടു കേസുകളിൽ പ്രതികളെ കിട്ടി. ഒരു കേസിൽ കുറ്റവാളി ഇപ്പോഴും ഒളിവിലാണ്. മൂന്നു കൊലപാതകങ്ങൾക്കു പിന്നിലും ലഹരിയുടെ സ്വാധീനമുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. എറണാകുളം നോർത്തിൽ ടൗൺഹാളിനു സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസണ് (35) അപരിചിതന്റെ കത്തിമുനയിൽ ജീവൻ നഷ്ടമായത്. 11-ന് രാത്രിയായിരുന്നു അത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിലേക്ക് നയിച്ചു. കേസിലെ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിനെ (38) ഇനിയും കണ്ടെത്താനായില്ല. ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

ലഹരിക്ക് അടിമയും ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുരേഷിനെ തേടി പോലീസ് പരക്കം പായുന്നതിനിടെയാണ് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ നഗരത്തെ ഞെട്ടിച്ച് രണ്ടാമത്തെ കൊലപാതകം. സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കളത്തിപ്പറമ്പ് റോഡിൽ െവച്ചുണ്ടായ വാക്കു തർക്കത്തിനിടെ വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പിൽ ശ്യാം ശിവാനന്ദനെ (33) ഒരു സംഘം കുത്തിക്കൊല്ലുകയായിരുന്നു. ശ്യാമും സുഹൃത്തുക്കളും ചേർന്ന് പ്രതികളെ പരിഹസിച്ച് പാട്ടുപാടിയതാണ് അക്രമത്തിലേക്ക് എത്തിയത്. പാട്ടുപാടിയത് വാക്കുതർക്കമാകുകയും ഉടൻ ഹർഷാദ് എന്നയാൾ കത്തിയെടുത്ത് ശ്യാമിനെയും കൂട്ടുകാരെയും ആക്രമിക്കുകയുമായിരുന്നു. ഹർഷാദും മറ്റ് പ്രതികളും ലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. 11 മണിക്കൂറിനകം പ്രതികളായ മൂന്നുപേരെ പിടികൂടാൻ പോലീസിനായി. രണ്ടു കേസിലും കൊലപാതകികളുടെ കത്തിക്കിരയായത് അപരിചിതരായ യുവാക്കളായിരുന്നു; പ്രതികളുമായി പരിചയമോ മുൻവൈരാഗ്യമോ ഇല്ലാത്തവർ. ഇൗ രണ്ടു കേസുകളിലും അന്വേഷണം തുടരുന്നതിനിടെയാണ് കാക്കനാട്ട് ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഇടപാടുകളാണ് മൂന്നാമത്തെ കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.

ആറു ദിവസത്തിനിടെ മൂന്നു യുവാക്കളുടെ കൊലപാതകം കൊച്ചിയെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടു കൊലപാതകവും നടന്നത് രാത്രിയിലാണ്. ആദ്യ സംഭവം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപവും രണ്ടാമത്തേത് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപവും. നഗരത്തിൽ രാത്രിയിൽ പോലീസ് പരിശോധന കാര്യക്ഷമമല്ലെന്നതാണ് അടുപ്പിച്ചുള്ള ഇൗ രണ്ടു കൊലപാതകങ്ങളും നൽകുന്ന സൂചന. കാക്കനാട്, വൈറ്റില, എളമക്കര മേഖലകളിലും നഗരത്തിനു പുറത്ത് മരട് മേഖലകളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചും കൂട്ടംകൂടി മയക്കുമരുന്ന് ഉപയോഗവും വില്പനയും വ്യാപകമാകുന്നതായി പരാതിയുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..