കൊച്ചി കോർപ്പറേഷൻ: അവിശ്വാസപ്രമേയ ചർച്ച നടന്നില്ല : സി.പി.എം. മാറിനിന്നു; സ്ഥിരംസമിതി നിലനിർത്തി ബി.ജെ.പി.


കൊച്ചി : യു.ഡി.എഫിന്റെ അഭ്യർഥന തിരസ്‌കരിച്ച സി.പി.എം., കൊച്ചി കോർപ്പറേഷനിൽ ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. യോഗത്തിൽനിന്ന് സി.പി.എം. അംഗങ്ങളും ബി.ജെ.പി. അംഗങ്ങളും വിട്ടുനിന്നപ്പോൾ, ക്വാറം തികയാതെ യു.ഡി.എഫിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ സാധിച്ചില്ല. ഇതോടെ ബി.ജെ.പി.ക്ക് നികുതി അപ്പീൽ ചെയർപേഴ്‌സൺ സ്ഥാനം നിലനിർത്താൻ സാധിച്ചു.

ബി.ജെ.പി.യെ പുറത്താക്കാൻവേണ്ടി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്നും, ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തങ്ങൾ ഒരുവിധത്തിലുള്ള അവകാശവാദവും ഉന്നയിക്കില്ലെന്നും യു.ഡി.എഫ്. രേഖാമൂലം മേയർ എം. അനിൽകുമാറിനെ അറിയിച്ചിരുന്നു. എന്നാൽ യു.ഡി.എഫിന്റെ അഭ്യർഥന തിരസ്‌കരിച്ച സി.പി.എം. അവിശ്വാസപ്രമേയം ചർച്ചചെയ്യുന്നതിനുള്ള യോഗത്തിൽനിന്ന് വിട്ടുനിന്നു. ബി.ജെ.പി. അംഗങ്ങളും യോഗത്തിൽ പങ്കെടുത്തില്ല. അവിശ്വാസം ചർച്ചക്കായി ജില്ലാ കളക്ടർ രേണു രാജ് എത്തിയെങ്കിലും ക്വാറമില്ലാത്തതിനാൽ പ്രമേയം ചർച്ചചെയ്യാനായില്ല. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം സി.പി.എമ്മിന് നിലനിർത്തണമെങ്കിൽ ബി.ജെ.പി.യുടെ പിന്തുണ ആവശ്യമാണ്. അവിടെ യു.ഡി.എഫ്. അവിശ്വാസംകൊണ്ടുവന്നാൽ ബി.ജെ.പി.യും സി.പി.എമ്മും വിട്ടുനിന്നാൽ അവിശ്വാസം അവതരിപ്പിക്കാനാവില്ല. മാറിനിന്നുകൊണ്ടുള്ള പരസ്പര സഹകരണത്തിലൂടെ ഇരുപാർട്ടികളും സ്വന്തം രാഷ്ട്രീയ താത്പര്യം നേടിയെടുത്തു.സി.പി.എമ്മിന്റേത് പ്രത്യുപകാരം-യു.ഡി.എഫ്.

വിദ്യാഭ്യാസ സ്ഥിരംസമിതി കൈവിട്ടുപോകാതിരിക്കാൻ സി.പി.എമ്മിന് ബി.ജെ.പി.യുടെ പിന്തുണ ആവശ്യമാണ്. അതിന് പ്രത്യുപകാരമായാണ് അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നതെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. ബി.ജെ.പി.-എൽ.ഡി.എഫ്. അവിശുദ്ധ കൂട്ടുകെട്ടിനെതിരേ യു.ഡി.എഫ്. നഗരസഭാ കവാടത്തിൽ കുത്തിയിരിപ്പ് നടത്തി. ബി.ജെ.പി.യെ കൊച്ചി നഗരസഭയിൽ അധികാരത്തിൽനിന്ന് പുറത്താക്കാൻ കിട്ടിയ അവസരം മുതലെടുക്കാതെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അവരെ ചേർത്തുനിർത്തുന്നത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്കെതിരാണെന്നും യു.ഡി.എഫ്. കുറ്റപ്പെടുത്തി.

ബി.ജെ.പി.യെ അധികാരത്തിലേറ്റിയത് യു.ഡി.എഫ്.-മേയർ

സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വോട്ടുകൾ നേടി വിജയിച്ച യു.ഡി.എഫ്, അവർക്ക് നികുതി അപ്പീൽ കമ്മിറ്റി കിട്ടാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും അന്ന് ബി.ജെ.പി.ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. കോൺഗ്രസിന് അവരുടെ അംഗബലംവെച്ച് രണ്ട് സ്ഥിരംസമിതി ചെയർമാൻ സ്ഥാനം കിട്ടാനുള്ള സാഹചര്യം ഉണ്ടായിരുന്നു.എന്നാൽ അവരുടെ പിടിപ്പുകേടുകൊണ്ട് കൊച്ചി നഗരസഭയിൽ ഒരു സ്ഥാനം പോലും അവർക്ക് കിട്ടിയില്ല. എൽ.ഡി.എഫ്. ഇതിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. യു.ഡി.എഫുമായോ ബി.ജെ.പി.യുമായോ ചേർന്ന് എവിടെയും ഇടതുപക്ഷം വോട്ടുചെയ്യാറില്ല. ബി.ജെ.പി.യുടെ വോട്ടുവാങ്ങി കോർപ്പറേഷനിൽ ജയിച്ച ചരിത്രമുള്ളത് യു.ഡി.എഫിനാണ്. ബി.ജെ.പി. അംഗമായിരുന്ന ശ്യാമള പ്രഭുവിന്റെ വോട്ടുനേടിയാണ് ടി.ജെ. വിനോദ് മുമ്പ് ഡെപ്യൂട്ടി മേയർ ആയതെന്നും അനിൽകുമാർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..