നാണയ-സ്റ്റാമ്പ് പ്രദർശനം നാളെ മുതൽ ടൗൺഹാളിൽ


കൊച്ചി : കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യ നാണയ-സ്റ്റാമ്പ് പ്രദർശനം 30-ന് ആരംഭിക്കും. എറണാകുളം ടൗൺഹാളിൽ മൂന്നു ദിവസമാണ് പ്രദർശനമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

അതിപുരാതന റോമൻ, ഗ്രീക്ക്, ബൈബിളിക് നാണയങ്ങൾ, മധ്യകാല ഇന്ത്യൻ നാണയങ്ങൾ, പ്രാദേശിക നാട്ടുരാജ്യങ്ങളുടെ സ്റ്റാമ്പുകൾ, പിശകുകൾ ഉള്ള സ്റ്റാമ്പുകൾ, ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന പുരാവസ്തുക്കൾ തുടങ്ങിയവ പ്രദർശനത്തിന് മാറ്റുകൂട്ടും. നിരവധി സ്റ്റാമ്പ്, നാണയ ഡീലർമാർ പ്രദർശനത്തിൽ പങ്കെടുക്കും.30-ന് രാവിലെ പത്തിന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നാണയ പ്രദർശനം ഹൈബി ഈഡൻ എം.പി.യും സ്റ്റാമ്പുകളുടെ പ്രദർശനം പോസ്റ്റ്മാസ്റ്റർ ജനറൽ മറിയാമ്മ തോമസും ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ ലോറൻസ് എഫ്. നൊറോണ, ജോർജ് സെബാസ്റ്റ്യൻ, എബ്രഹാം പി.എ., എൻ. ലക്ഷ്മണൻ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.ജില്ലാ നബിദിന റാലി നാളെ

കൊച്ചി : കേരള മുസ്‌ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ 30-ന് പെരുമ്പാവൂരിൽ ജില്ലാ നബിദിന റാലി നടക്കും. ഒക്ടോബർ 14-ന് എറണാകുളം മറൈൻഡ്രൈവിൽ ഹുബ്ബുറസൂൽ സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിൽനിന്ന് തുടങ്ങി തണ്ടേക്കാട് മുസ്‌ലിം ഹയർ സെക്കൻഡറി സ്‌കൂൾ വരെയാണ് നബിദിന റാലി. തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ ഒരു മാസക്കാലം സമ്മേളനങ്ങളും സെമിനാറുകളും കാരുണ്യ പ്രവർത്തനങ്ങളും നടക്കും. ഭാരവാഹികളായ സി.ടി. ഹാഷിം തങ്ങൾ, വി.എച്ച്. അലി ദാരിമി, സി.എ. ഹൈദ്രോസ് ഹാജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മെറ്റാവേഴ്സ് പരിചയപ്പെടുത്താൻ ‘ഇക്സെറ്റ്’ 30-ന്

കൊച്ചി : കോേളജ് വിദ്യാർഥികൾക്കായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (ഐ.സി.ടി.) അക്കാദമി ഓഫ് കേരള സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺക്ലേവ് (ഇക്സെറ്റ്) ഈ മാസം 30-ന് നെടുമ്പാശ്ശേരി സിയാൽ ട്രേഡ് ഫെയർ സെന്ററിൽ നടക്കും. ‘മെറ്റാവേഴ്സ്: ഭാവിയുടെ പുനർവിചിന്തനം’ എന്നതാണ് കോൺക്ലേവിന്റെ മുഖ്യ പ്രമേയം. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വിക്രം സാരാഭായ് സ്പേസ് സെന്റർ മുൻ ഡയറക്ടറുമായ ഡോ. എം.സി. ദത്തൻ ഉദ്ഘാടനം ചെയ്യും. 1575 പേർ പങ്കെടുക്കും.

ശ്രീ ശങ്കര കോളേജ് സംസ്ഥാനതല ജേതാക്കൾ

കാലടി : വേൾഡ് വൈൽഡ് ഫണ്ട് എക്കോ ഉച്ചകോടിയിൽ കാലടി ശ്രീ ശങ്കരാ കോളേജ് സംസ്ഥാനതല വിജയികളായി. കേരളത്തെ പ്രതിനിധീകരിച്ച് കോളേജ് ദേശീയതലത്തിൽ പ്രബന്ധമവതരിപ്പിക്കും. ജലസംരക്ഷണത്തിനായി സ്വീകരിക്കാവുന്ന മാതൃകകളെക്കുറിച്ചുള്ള പ്രോജക്ടാണ് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സുവോളജി വിഭാഗത്തിലെ അധ്യാപിക കെ.ഡി. മിനി കോ-ഓർഡിനേറ്റർ ആയ ടീമിൽ സുവോളജി വിഭാഗത്തിലെ വിദ്യാർഥികളായ എ. അമർജിത്, അശ്വിൻ കൃഷ്ണ ബിജുലാൽ, ആകാശ് ഉണ്ണി, കെ.വി. വിഷ്ണു എന്നിവർ പങ്കെടുക്കും. 30-നാണ് ദേശീയ ഉച്ചകോടി.

മഹാരാജാസ് കോളേജിൽ ദേശീയ സെമിനാർ തുടങ്ങി

കൊച്ചി : ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരൻ ഫണീശ്വർനാഥ് രേണുവിന്റെ രചനകളെ ആസ്പദമാക്കിയുള്ള ത്രിദിന സെമിനാർ മഹാരാജാസ് കോളേജിൽ തുടങ്ങി. പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. ഹിന്ദി സാഹിത്യകാരനും ആജ്കൽ മാഗസിൻ എഡിറ്ററുമായ ഡോ. രാകേശ് രേണു മുഖ്യ പ്രഭാഷണം നടത്തി. കോളേജിലെ ഹിന്ദി വിഭാഗവും ഭാരതീയ സാഹിത്യ പ്രതിഷ്ഠാൻ സംഘടനയും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

തീവ്രവാദ സംഘടനകളെ സഹായിക്കുന്ന നയം തിരുത്തണമെന്ന് സ്വാമി ഭദ്രാനന്ദ

കൊച്ചി : രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ഉറവിടം കേരളമാണെന്നും തീവ്രവാദ സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നയം ഇടതു-വലതു മുന്നണികൾ തിരുത്തണമെന്നും സ്വാമി ഭദ്രാനന്ദ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സമയങ്ങളിൽ ആർ.എസ്.എസ്. നേതൃത്വത്തെ കണ്ടും അവരുടെ വോട്ട് നേടിയും വിജയിച്ച ശേഷം നിരോധിക്കണമെന്നു പറയുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സീനിയർ റിസർച്ച് ഫെലോ ഒഴിവ്

കൊച്ചി : കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) സീനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ icarnasfcmfri@gmail.com എന്ന ഇ-മെയിലിൽ ഒക്ടോബർ 11-നു മുമ്പായി അയയ്ക്കണം. വിവരങ്ങൾക്ക് വെബ്‌സൈറ്റ് (www.cmfri.org.in)

പെൺകുട്ടിെയ ഉപദ്രവിച്ചയാൾക്ക് എട്ടര വർഷം തടവും പിഴയും

മൂവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് എട്ടര വർഷം കഠിന തടവും 85,000 രൂപ പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിത്തി (മോഹൻലാൽ-31) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്. 2019 സെപ്റ്റംബറിലാണ് സംഭവം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..