ബംഗ്ലാദേശികളെ വിദേശത്തെത്തിക്കൽഅന്വേഷണം ഏജന്റുമാർക്ക് പിന്നാലെ


കൊച്ചി : കൊച്ചി വിമാനത്താവളം വഴി ബംഗ്ലാദേശികളെ ഇന്ത്യൻ പാസ്‌പോർട്ടിൽ വിദേശത്തെത്തിച്ച സംഭവത്തിൽ അന്വേഷണം ഏജന്റുമാരിലേക്ക്. ഗൾഫിലിരുന്ന് വിസ അടക്കം തയ്യാറാക്കി നൽകിയ ഏജന്റിനും ബംഗാൾ വഴി കൊച്ചിയിലേക്ക് ബംഗ്ലാദേശികളെ എത്തിക്കുന്ന ഏജന്റിനും പിന്നാലെയാണ് അന്വേഷണം.

കൊച്ചിയിൽ താമസിച്ചു പ്രവർത്തനം നടത്തിയിരുന്ന ഏജന്റ് മുഹമ്മദ് അബ്ദുൾ ഷുക്കൂറിന്റെ (32) അറിവിൽ മാത്രം അഞ്ചുമാസത്തിനിടെ 25-നും 35-നും ഇടയിൽ ബംഗ്ലാദേശികളെ കടത്തിയതായാണ് വിവരം. മുൻ മാസങ്ങളിൽ മാഫിയ നടത്തിയ മനുഷ്യക്കടത്തിനെ കുറിച്ച് ഷുക്കൂറിന് അറിവില്ല. ഇതു സംബന്ധിച്ച് വിശദ വിവരം ലഭിക്കണമെങ്കിൽ മറ്റ്‌ ഏജന്റുമാരെ കൂടി കണ്ടെത്തണം.

ഗൾഫിൽ വിസ തയ്യാറാക്കി നൽകുന്ന ഏജന്റിനെ കണ്ടെത്താനായാൽ എത്ര ബംഗ്ലാദേശികൾക്ക് ഇന്ത്യക്കാരെന്ന വ്യാജേന വിസ ശരിയാക്കി നൽകിയെന്ന് തിരിച്ചറിയാൻ കഴിയും. ഇതോടൊപ്പം കൊച്ചി അടക്കമുള്ള ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളിലേക്ക് ബംഗ്ലാദേശികളെ എത്തിക്കുന്ന ആളെ പിടികൂടാനായാൽ കൊൽക്കത്ത മാഫിയയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയും. ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട്‌ നിർമിച്ചു നൽകുന്നത് കൊൽക്കത്തയിൽനിന്നാണ്.

ഇതിനാൽ ബംഗാളിൽ എത്തി വിശദ അന്വേഷണം നടത്താനായുള്ള തയ്യാറെടുപ്പിലാണ് എറണാകുളം റൂറൽ പോലീസ് ജില്ലാ ക്രൈം ബ്രാഞ്ച്.

ഷുക്കൂറിനെ ചോദ്യം ചെയ്തതിൽനിന്ന്‌ കൊൽക്കത്ത മാഫിയ തമിഴ്നാട്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിലെ സ്ത്രീകളെ കയറ്റി അയച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

വിസയ്ക്കായി രേഖകളിലടക്കം തിരിമറി നടത്തിയിരുന്നു.

ഇത്തരത്തിൽ കയറ്റി അയയ്ക്കാനിരുന്ന സ്ത്രീകളെയും ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തി. പത്താംതരം യോഗ്യത പോലും ഇല്ലാത്തവരെയാണ് സംഘം പ്രധാനമായും കയറ്റി അയച്ചിരുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..