സംസ്ഥാന സർക്കാർ ഇടപെടൽ അനിവാര്യം വികസന പ്രവർത്തനങ്ങൾക്ക് പണമില്ല: ഞെരുങ്ങി കൊച്ചി നഗരസഭ


കൊച്ചി : നിത്യച്ചെലവിന് വകയില്ലാതെ കൊച്ചി നഗരസഭ കഷ്ടപ്പെടുമ്പോൾ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. വാണിജ്യതലസ്ഥാനമായ കൊച്ചിയിൽനിന്ന് സംസ്ഥാന സർക്കാർ ഖജനാവ് നിറയ്ക്കുമ്പോൾ കൊച്ചി കോർപ്പറേഷന് കിട്ടേണ്ട പണംപോലും നൽകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.

കോർപ്പറേഷൻ തൊഴിലാളികളിൽനിന്ന് പണം പിരിച്ച് പെൻഷൻഫണ്ടിൽ കോടികൾ അടച്ചിട്ടും പെൻഷൻ നൽകാനുള്ള പണം സർക്കാർ നൽകുന്നില്ല. മാസം രണ്ടുകോടി രൂപയാണ് കോർപ്പറേഷൻ പെൻഷൻ നൽകുന്നതിനായി ചെലവഴിക്കുന്നത്. നാല്പതുലക്ഷമാണ് ജീവനക്കാരിൽനിന്നുള്ള വിഹിതമായി കിട്ടുന്നത്. പെൻഷൻ ഫണ്ട് കിട്ടാതായതോടെ ജീവനക്കാരിൽനിന്ന് പിരിക്കുന്ന തുക സർക്കാരിൽ അടയ്ക്കുന്നില്ല. കഴിഞ്ഞ മാർച്ച് വരെ 113 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഈ ഇനത്തിൽ മാത്രം കോർപ്പറേഷന് നൽകാനുള്ളത്.

ജി.എസ്.ടി. ഇനത്തിൽ 92 കോടി കിട്ടാനുണ്ട്. 2017-18-ൽ ആദ്യവർഷം 12 കോടി അനുവദിച്ചതല്ലാതെ പിന്നെ തുകയൊന്നും ഈ ഇനത്തിൽ കൊച്ചി നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.

തനതുവരുമാനത്തിൽ വർധനയില്ല

കൊച്ചി നഗരസഭയുടെ തനതുവരുമാനത്തിൽ വർധന ഉണ്ടാകാത്തത് വികസനപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ശമ്പളം നൽകാൻതന്നെ പലപ്പോഴും പണം തികയാത്ത അവസ്ഥയാണ്. 2017-18- വർഷത്തിൽ 159.8 കോടി രൂപ തനത് വരുമാനമുണ്ടായിരുന്നത് 18-19-ൽ 206.98 കോടിയായി ഉയർന്നു. 19-20 -ൽ 185.15 കോടിയും 20-21 -ൽ 181 കോടിയും 21-22 -ൽ 185 കോടിയുമാണ് തനതുവരുമാനം. വരുമാനത്തിൽ വലിയ വർധന ഉണ്ടായാൽ മാത്രമേ നഗരസഭയ്ക്ക് സ്വന്തം നിലയിൽ പദ്ധതികൾ ആവിഷ്‌കരിക്കാൻ സാധിക്കുകയുള്ളൂ.

വർധിക്കുന്ന ചെലവ്

അതേസമയം, നഗരസഭയുടെ ചെലവ് എല്ലാവർഷവും കൂടിവരികയാണ്. ശമ്പളച്ചെലവാണ് ഇതിൽ മുഖ്യം. 17-18 വർഷത്തിൽ 87.90 കോടി ചെലവായെങ്കിൽ 19-19-ൽ 184.87 കോടിയും 19-20-ൽ 203.63 കോടിയും 20-21 -ൽ 189.54 കോടിയും 21-22 -ൽ 237.49 കോടിയും ചെലവിനത്തിൽ വർധിച്ചു. ശമ്പള ഇനത്തിൽ 17-18-ൽ 63.19 കോടിയും 18-19-ൽ 63.48 കോടിയും 19-20 -ൽ 105.81 കോടിയും 20-21-ൽ 103.27 കോടിയും 21-22 -ൽ 128.77 കോടിയും നഗരസഭയ്ക്ക് ചെലവായി.

പ്രധാന പദ്ധതികൾ പോലും നടപ്പാക്കാനാവുന്നില്ല

നഗരസഭ വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന പദ്ധതികൾ പോലും മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണ്. നഗരസഭയുടെ ആസ്ഥാന മന്ദിര നിർമാണം പണം ഇല്ലാത്തതിനാൽ എങ്ങുമെത്താതെ നിൽക്കുന്നു.

കരാറുകാർക്ക് കൊടുക്കാനുള്ള പണം എത്രയെന്ന കാര്യത്തിൽ പോലും വ്യക്തമായ കണക്കില്ല.

സർക്കാർ ഗാരന്റി നിൽക്കണം

നഗരസഭയെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ അനിവാര്യമായിരിക്കുകയാണ്. സംസ്ഥാന സർക്കാർതന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിൽ നേരിട്ടൊരു സഹായം കിട്ടാനുള്ള വഴിയില്ല.

കൊച്ചി കോർപ്പറേഷന് കാര്യങ്ങൾ നേരെയാക്കാൻ വായ്പ കിട്ടാനുള്ള സാഹചര്യം ഒരുക്കണം.

നൂറുകോടിയെങ്കിലും വായ്പയായി അനുവദിക്കാൻ സർക്കാർ ഗാരന്റി നിൽക്കണമെന്ന് കൊച്ചി നഗരസഭ മുൻ കൗൺസിലറും വിവരാവകാശ പ്രവർത്തകനുമായി സി.കെ. പീറ്റർ ചൂണ്ടിക്കാട്ടുന്നു.

ഈ ആവശ്യത്തിനായി കൗൺസിൽ സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..