നഗരത്തിലെ വെള്ളക്കെട്ട് : സർക്കാർ സഹകരിക്കുന്നില്ല പിൻമാറുകയാണെന്ന് ഹൈക്കോടതി


Caption

കൊച്ചി : സർക്കാരടക്കം സഹകരിക്കുന്നില്ലെങ്കിൽ കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്ന വിഷയത്തിൽനിന്ന് പിൻമാറുകയാണെന്ന് ഹൈക്കോടതി. മുല്ലശ്ശേരി കനാൽ നവീകരണത്തിനായി പൈപ്പുകൾ മാറ്റുന്നതിനുള്ള ഫണ്ട് അനുവദിക്കുന്നതിലുള്ള കാലതാമസമാണ് ഹൈക്കോടതിയുടെ പ്രതികരണത്തിന് കാരണം. പൈപ്പ്‌ മാറ്റാനായി വീണ്ടും ടെൻഡർ വിളിക്കേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചതിനാലാണ് പ്രശ്നപരിഹാര ശ്രമങ്ങൾക്ക് മുൻകൈയെടുക്കുന്നതിൽനിന്ന് പിൻമാറാൻ തയ്യാറാണെന്ന് കോടതി അറിയിച്ചത്.

പ്രശ്നപരിഹാരത്തിന് ഒരുഭാഗത്തുനിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും അതിനാൽ പിൻമാറാൻ തയ്യാറാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഫണ്ട് കണ്ടെത്താൻ കോടതിക്കാവില്ല.

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാം ഘട്ടം അവസാനിപ്പിച്ചിട്ട് മുല്ലശ്ശേരി കനാൽ പൂർവസ്ഥിതിയിലാക്കാൻ നിർദേശിക്കാം. നിലവിൽ ഒരു കരാറുകാരനാണ് പൈപ്പ്‌ മാറ്റാനുള്ള കരാർ ഏറ്റെടുക്കാൻ വന്നിരിക്കുന്നത്. ആ തുക കൂടുതലാണെന്നതാണ് വീണ്ടും ടെൻഡർ വിളിക്കാൻ കാരണമായി പറയുന്നത്. അങ്ങനെവന്നാൽ കാലതാമസമുണ്ടാകും.

നിലവിൽ കാനകളിലെ ചെളി നീക്കംചെയ്യുന്നുണ്ട്. മുല്ലശ്ശേരി കനാലിലെ ഒഴുക്ക് ക്രമീകരിച്ചാലേ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ഭാഗത്തെയടക്കം വെള്ളക്കെട്ട് പരിഹരിക്കാനാകൂ. ഇതിൽ കാലതാമസം ഒഴിവാക്കേണ്ടതുണ്ട്. അതിനിടയിലാണ് സർക്കാർ ഫണ്ടിന്റെ കുറവ് ചൂണ്ടിക്കാട്ടിയതെന്നും കോടതി പറഞ്ഞു.

നഗരത്തിലെ വെള്ളക്കെട്ട്‌ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ബന്ധപ്പെട്ട അധികൃതർക്ക് താത്പര്യമില്ലെങ്കിൽ വെള്ളക്കെട്ടിന്റെ കാര്യത്തിൽ വരുന്നതു വരട്ടെ എന്നുവെക്കാം.

ജനങ്ങൾ ഹൈക്കോടതിയെ പഴിക്കുന്ന സാഹചര്യമുണ്ടാകരുത്. തലപ്പത്തിരിക്കുന്ന ആർക്കും ഇക്കാര്യത്തിൽ താത്പര്യമില്ല. ഇങ്ങനെ കേസ് തുടർന്നിട്ടു കാര്യവുമില്ല.

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മൂന്നാം ഘട്ടം ഒഴിവാക്കി നഗരത്തിലെ കാനകളും കനാലുകളും വൃത്തിയാക്കുന്ന കാര്യങ്ങൾ മാത്രം തുടർന്നാൽ മതിയെന്നുവെക്കാം. ഏതു വേണമെന്ന് അധികൃതർ പറയണം. നിലപാട് അടുത്തയാഴ്ച അറിയിക്കണം. ഹർജികൾ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..