Caption
വൈറ്റില : വൈറ്റില ജങ്ഷനിൽ അരൂർ ഇടപ്പള്ളി ദേശീയ പാതയിൽ എസ്.ബി.ഐ. ബാങ്കിനുസമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ വൈദ്യുതി ലൈനിൽ തീ പടർന്നു. ഈ സമയത്ത് അതുവഴി കടന്നുപോയ യുവാവ് തൊട്ടടുത്ത ബാങ്ക് ശാഖയിൽനിന്ന് തീ നിയന്ത്രണോപകരണം വാങ്ങി ഉടൻതന്നെ തീയണച്ചത് അപകടങ്ങൾ ഒഴിവാക്കി.
ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതിലൈനിലുണ്ടായ തീ റോഡരികിലെ പോസ്റ്റിൽ പടർന്നുകയറിയ വള്ളികളിലൂടെ ആളിപ്പടർന്നു. വൈദ്യുതി ലൈനിനൊപ്പം പോകുന്ന കേബിളുകൾ ഉരുകി റോഡിലേക്കു വീണു. കെ.എസ്.ഇ.ബി.യിൽ വിവരം അറിയിച്ചെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് തീ സമീപത്തെ ട്രാൻസ്ഫോർമറിലേക്കും നൈറ്റ് ഷെഫ് ഹോട്ടലിലേക്കുമെത്തി. ഈ സമയത്താണ് വഴിയാത്രക്കാരനായ എസ്. അജിത്കുമാർ സ്കൂട്ടർ നിർത്തി സമീപത്തെ എസ്.ബി.ഐ. ശാഖയിലേക്ക് ഓടിക്കയറി വനിതാ മാനേജരുടെ അനുവാദത്തോടെ ബാങ്കിലെ തീ നിയന്ത്രണോപകരണം എടുത്തുകൊണ്ടുവന്ന് തീയണച്ചത്.
ക്വാളിറ്റി എൻജിനീയറായ അടൂർ നെല്ലിമുകൾ അരുൺ നിവാസിൽ എസ്. അജിത്കുമാർ കുണ്ടന്നൂരിലെ പ്രസ്റ്റീജ് മാൾ സൈറ്റിൽനിന്നും ഇടപ്പള്ളിയിലെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടംകണ്ട് ഇടപെട്ടത്. അപകടം ഒഴിവാക്കാൻ സമയോചിതമായി ഇടപെട്ട യുവാവിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹവുമുണ്ടായി. ഈ സമയംകൊണ്ട് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി തകരാർ പരിഹരിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..