Caption
കൊച്ചി : പശ്ചിമബംഗാൾ ഗവർണർസ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി കേരളത്തിലേക്കെത്തിയ സി.വി. ആനന്ദബോസിനെ സ്വീകരിക്കുന്നതിൽനിന്ന് ഒരുവിഭാഗം ബി.ജെ.പി. നേതാക്കൾ വിട്ടുനിന്നു. ഔദ്യാഗികപക്ഷമാണ് വിമാനത്താവളത്തിൽ എത്താതെ മാറിനിന്നത്.
അതേസമയം, സംസ്ഥാന വൈസ് പ്രസിഡന്റും കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനുമായ എ.എൻ. രാധാകൃഷ്ണൻ എത്തി. കോർ-കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതുമുതൽ ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും എത്തി. വക്താവുസ്ഥാനത്തുനിന്നു മാറ്റിനിർത്തിയിട്ടുള്ള കൃഷ്ണദാസ് പക്ഷത്തെ പി.ആർ. ശിവശങ്കരനും വിമാനത്താവളത്തിലെത്തി.
അതേസമയം, കേരളത്തിലെ നേതൃത്വവുമായി അടുപ്പമുള്ള പാർട്ടി കേന്ദ്രനേതൃത്വത്തിലെ ഒരു പ്രമുഖന്റെ നിർദേശപ്രകാരമാണ് ഔദ്യോഗികപക്ഷം മാറിനിന്നതെന്ന സംസാരവും പാർട്ടിക്കുള്ളിലുണ്ട്. ഗവർണറായി ചുമതലയേറ്റപ്പോൾ ബംഗാൾ ഘടകത്തിലെ ചില പ്രമുഖരും മലയാളിയല്ലാത്ത ഇൗ ഉന്നതന്റെ നിർദേശപ്രകാരം മാറിനിന്നിരുന്നു.
ഒരു മലയാളിക്ക് പാർട്ടിനൽകിയ വലിയ ബഹുമതിയായിട്ടും ജില്ലാ പ്രസിഡന്റുപോലും സ്വീകരിക്കാനെത്തിയില്ല. ഗവർണർ വരുന്നതിന്റെ വിവരങ്ങൾ മുൻകൂട്ടിത്തന്നെ തയ്യാറാക്കി പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
ആനന്ദബോസിനെ ഗവർണറാക്കിയത് സംസ്ഥാന നേതൃത്വമോ പാർട്ടിയിലെ മുരളീധരൻ വിഭാഗമോ നേരത്തേ അറിഞ്ഞിരുന്നില്ല. അതിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആനന്ദബോസ് സംസ്ഥാന നേതൃത്വവുമായി അടുത്തബന്ധംപുലർത്താനും ശ്രദ്ധിച്ചിരുന്നില്ല.
വിമാനത്താവളത്തിൽ സ്വീകരണം നൽകി
നെടുമ്പാശ്ശേരി : ബംഗാൾ ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി കൊച്ചിയിലെത്തിയ സി.വി. ആനന്ദബോസിന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ബി.ജെ.പി. നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കേരളത്തിലെയും ബംഗാളിലെയും പുതു തലമുറയ്ക്കായി ഗവർണർ സ്ഥാനം സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മലയാളി എന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..