സെക്രട്ടറിയെ ആക്രമിച്ചു, സ്ത്രീകളെ ആട്ടിയോടിച്ചു : സി.പി.ഐ. മണ്ഡലം നേതാവിനെ ബ്രാഞ്ചിലേക്ക് താഴ്ത്തി


കാക്കനാട് : തൃക്കാക്കര നഗരസഭാ കൗൺസിലറും സി.പി.ഐ. തൃക്കാക്കര മണ്ഡലം കമ്മിറ്റി അംഗവുമായ എം.ജെ. ഡിക്‌സനെതിരേ നടപടിയുമായി പാർട്ടി. പാർട്ടിയുടെ എല്ലാം സ്ഥാനങ്ങളിൽനിന്നും നീക്കി ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ സി.പി.ഐ. തൃക്കാക്കര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

മണ്ഡലം സെക്രട്ടറിയെ വഴിതടഞ്ഞ് ആക്രമിക്കൽ, നഗരസഭയിൽ സമരത്തിനെത്തിയ സ്ത്രീകളെ ആട്ടിയോടിക്കൽ, മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കാനുള്ള തീരുമാനം തടസ്സപ്പെടുത്തൽ അടക്കമുള്ള കാര്യങ്ങളെത്തുടർന്നാണിത്. ജില്ലാ എക്സിക്യുട്ടീവിന്റെ അംഗീകാരത്തോടെ തീരുമാനം നടപ്പാക്കും.

സുഭാഷ് ചന്ദ്രബോസ്, താരാ ദിലീപ്, പി.എ. നവാസ് എന്നിവരടങ്ങിയ പാർട്ടി അന്വേഷണ കമ്മിഷൻ, ഡിക്‌സൻ കുറ്റക്കാരനാണെന്നു റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി. പരാതി അന്വേഷിക്കാനെത്തിയ കമ്മിഷന് മുൻപിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വില്ലേജ്തല കമ്മിറ്റി സ്ഥാനത്ത് നിന്നുൾപ്പെടെ നീക്കിയാണ് പാർട്ടി കടുത്ത നടപടിയെടുത്തത്.

തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു സഞ്ചരിച്ച വാഹനം കാക്കനാട് അത്താണി ഭാഗത്തെ റോഡിൽവെച്ച് ഡിക്‌സന്റെ നേതൃത്വത്തിൽ തടഞ്ഞായിരുന്നു ആക്രമണമെന്നാണ് ആക്ഷേപം. ഇദ്ദേഹത്തിന്റെ വാർഡിൽ ഉൾപ്പെട്ട മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കീരേലിമല കുടുംബങ്ങളിലെ സ്ത്രീകൾ നഗരസഭയിലെത്തി സമരം നടത്തിയിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയിലുള്ള കുടുംബങ്ങളോട് ഇവിടെ നിന്നു മാറി താമസിക്കണമെന്നും ഈ കുടുംബങ്ങൾക്കുള്ള വാടക നഗരസഭ നൽകണമെന്നും കളക്ടർ നിർദേശിച്ചിരുന്നു.

വീട് മാറിയവർക്ക് വാടക കിട്ടാതായതോടെ യു.ഡി.എഫ്. ഭരിക്കുന്ന തൃക്കാക്കര നഗരസഭയിൽ സ്ത്രീകൾ പ്രതിഷേധവുമായി എത്തി. എന്നാൽ, അവരുടെ ആവശ്യത്തിനു പിന്തുണ നൽകേണ്ട കൗൺസിലർ ഇവരെ ആട്ടിയോടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയതായും അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.

പല തവണ താക്കീത് നൽകിയിട്ടും കൗൺസിലർ കൂടിയായ ഡിക്‌സൻ നഗരസഭയിലെ കാര്യങ്ങൾ പാർട്ടിയുമായി ആലോചിക്കാതെ തീരുമാനമെടുത്തു, വില്ലേജ് ഓഫീസുകളിൽ പാർട്ടി അറിയാതെ താത്കാലിക നിയമനം നടത്തി തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. പാർട്ടിയുടെ കാക്കനാട് അത്താണി ബ്രാഞ്ച് അംഗത്വത്തിലേക്കാണ് ഡിക്‌സനെ തരംതാഴ്ത്തുന്നത്.

ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി പുറത്ത്

കാക്കനാട് : തൃക്കാക്കര മണ്ഡലം സെക്രട്ടറി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം വഴിയിൽ തടഞ്ഞ് ആക്രമിക്കാൻ എം.ജെ. ഡിക്‌സനൊപ്പം നിൽക്കുകയും കൊലവിളി നടത്തുകയും ചെയ്തതിന് സി.പി.ഐ. ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് സഗീറിനെതിരേയാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് മണ്ഡലം കമ്മിറ്റി യോഗം നടപടിയെടുത്തത്.

മറ്റൊരു സംഘർഷത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് തൃക്കാക്കര മണ്ഡലം കമ്മിറ്റി അംഗം അജിത്ത് അരവിന്ദിനെ താക്കീത് ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..