തൃക്കാക്കര നഗരസഭ പ്ലാൻ ഫണ്ട് വിവാദം : ശബ്ദസന്ദേശം പുറത്തുവിട്ട് യു.ഡി.എഫ്.


ശബ്ദസന്ദേശം പുറത്തുവിട്ട് യു.ഡി.എഫ്.

കാക്കനാട് : പ്ലാൻ ഫണ്ട് ചെലവഴിക്കുന്നതിനെ ചൊല്ലി തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സണും സെക്രട്ടറിയും തമ്മിലുള്ള പോര് മുറുകുന്നു. നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ ചെയർപേഴ്‌സൺ അജിത തങ്കപ്പനെയും കൗൺസിലർമാരെയും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദസന്ദേശം പുറത്തുവിട്ടിരിക്കുകയാണ് യു.ഡി.എഫ്. ഭരണസമിതിയെ താഴെയിറക്കാനുള്ള വകുപ്പുകൾവരെയുണ്ടെന്ന ഭീഷണിയും സെക്രട്ടറിയുടേതെന്ന പേരിൽ ഇറങ്ങിയ വാട്‌സാപ്പ് സന്ദേശത്തിലുണ്ട്.

നഗരസഭയിൽ പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ ഒപ്പിടാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ചെയർപേഴ്‌സണും സെക്രട്ടറിയും തമ്മിലുള്ള തുറന്നപോരിന് വഴിയൊരുക്കിയത്. സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കേ, നഗരസഭയുടെ വിവിധ പ്രവൃത്തികളുടെ ബില്ലുകൾ സെക്രട്ടറി ഒപ്പിടാതെ മാറ്റിെവയ്ക്കുകയാണെന്നും ഇതോടനുബന്ധിച്ച് നടത്തിയ യോഗത്തിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നുവെന്നും ആരോപിച്ച് ചെയർപേഴ്‌സൺ സെക്രട്ടറിയെ ചേംബറിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, പ്രവൃത്തികളുടെ പ്രോഗ്രസ് റിപ്പോർട്ട് നൽകാത്തതിനാലാണ് ഫയലുകൾ മാറ്റിവെച്ചിട്ടുള്ളതെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇതേച്ചൊല്ലിയുള്ള തർക്കം ഇരുവരും തമ്മിലുള്ള പോരിലേക്ക് വഴിമാറി.

പിന്നാലെ തൃക്കാക്കര നഗരസഭാ ഭരണം അട്ടിമറിക്കാൻ സെക്രട്ടറി പദ്ധതിപ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നുവെന്ന പരാതിയുമായി ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നഗരകാര്യ ഡയറക്ടർക്ക് പരാതിയും നൽകി. എന്നാൽ, ക്രമക്കേടിന് കൂട്ടുനിൽക്കാത്തതിനാൽ തനിക്ക് ആക്രമണഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും പോലീസ് സംരക്ഷണവും അന്വേഷണവും ആവശ്യപ്പെട്ടും സെക്രട്ടറിയും പരാതി നൽകിയതോടെയാണ് തർക്കം തുറന്നപോരിലേക്ക് മാറിയത്.

വിഷയം ആയുധമാക്കി നഗരസഭയിലെ പ്രതിപക്ഷമായ എൽ.ഡി.എഫ്. കൗൺസിലർമാർ സമരവുമായി രംഗത്തെത്തി. അതിനിടെയാണ് സെക്രട്ടറിയുടേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം ഭരണപക്ഷ അംഗങ്ങൾ വാട്‌സാപ്പിലൂടെ പുറത്തുവിട്ടത്.

താൻ സർക്കാർ ഉദ്യോഗസ്ഥനായതിനാൽ പ്രതികരിക്കുന്നില്ലെന്ന് സെക്രട്ടറി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..