കാക്കനാട് : പ്ലാൻ ഫണ്ട് ചെലവഴിക്കുന്നതിനെ ചൊല്ലി തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനും നഗരസഭാ സെക്രട്ടറി ബി. അനിൽകുമാറും തമ്മിലുള്ള തർക്കം തത്കാലം തണുത്തെങ്കിലും അടുത്ത പോരിനുള്ള ഒരുക്കത്തിലാണ് ഭരണസമിതി.
സെക്രട്ടറിയെ പുറത്താക്കാനുള്ള പടപ്പുറപ്പാടിലാണ് യു.ഡി.എഫ്. ഇതിനായി അടുത്ത നഗരസഭാ കൗൺസിൽ യോഗത്തിൽ 'സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന പ്രമേയം' അവതരിപ്പിക്കാൻ വ്യാഴാഴ്ച ചേർന്ന യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. സെക്രട്ടറി സി.പി.എം. നോമിനിയായി നിന്ന് യു.ഡി.എഫ്. ഭരണം സ്തംഭിപ്പിക്കുകയാണ്. ഇതിന് തെളിവാണ് ഭരണപക്ഷ അംഗങ്ങളെ മോശക്കാരാക്കിയും ഭരണസമിതിയെ ഭീഷണിപ്പെടുത്തുന്നതുമായ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്തായതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ആരോപിച്ചു.സെക്രട്ടറിയുടെ നടപടിയെ ന്യായീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ ഇടഞ്ഞുനിന്ന വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടിയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചിയും അടക്കമുള്ളവർ പറഞ്ഞു. നഗരസഭയിൽ പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകൾ ഒപ്പിടാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ചെയർപേഴ്‌സണും സെക്രട്ടറിയും തമ്മിലുള്ള തുറന്ന പോരിന് വഴിയൊരുക്കിയത്. സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടുമാസം മാത്രം ബാക്കി നിൽക്കെ നഗരസഭയുടെ വിവിധ പ്രവൃത്തികളുടെ ബില്ലുകൾ സെക്രട്ടറി ഒപ്പിടാതെ മാറ്റിവെയ്ക്കുകയാണെന്നും യോഗത്തിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നുവെന്നും ആരോപിച്ച് ചെയർപേഴ്‌സൺ സെക്രട്ടറിയെ ചേംബറിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ, വർക്കുകളുടെ പ്രോഗ്രസ് റിപ്പോർട്ട് നൽകാത്തതിനാലാണ് ഫയലുകൾ മാറ്റിവെച്ചിട്ടുള്ളതെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇതേച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ തൃക്കാക്കര നഗരസഭാ ഭരണം അട്ടിമറിക്കാൻ സെക്രട്ടറി പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നുവെന്ന പരാതിയുമായി ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നഗരകാര്യ ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് വകുപ്പുതല അന്വേഷണവും സെക്രട്ടറിക്കെതിരേ തുടങ്ങി. നഗരസഭയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സെക്രട്ടറിയും സർക്കാരിന് പരാതി നൽകിയിട്ടുണ്ട്. യോഗത്തിൽ കൗൺസിലർമാരെ കൂടാതെ യു.ഡി.എഫ്. നേതാക്കളായ പി.ഐ. മുഹമ്മദാലി, സേവ്യർ തായങ്കരി, തുടങ്ങിയവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..