കാക്കനാട് : മോട്ടോർ വാഹന വകുപ്പിന്റെ കേന്ദ്രീകൃത സോഫ്റ്റ്‌വേറായ വാഹൻ, സാരഥി വീണ്ടും പണിമുടക്കി. എറണാകുളം ആർ.ടി. ഓഫീസിൽ ജീവനക്കാരും വിവിധ സേവനങ്ങൾക്കായെത്തിയ അപേക്ഷകരും 'ക്ഷ'യും 'ണ്ണ' യും വരച്ചു.
അഞ്ചുമിനിറ്റിൽ നടക്കേണ്ട കാര്യങ്ങൾക്ക് മണിക്കൂറുകളോളംനിന്ന് പലരും ക്ഷമയുടെ നെല്ലിപ്പടി കണ്ടു. ചിലർ ചോദ്യം ചെയ്തത് ജീവനക്കാരും അപേക്ഷകരും തമ്മിൽ ചെറിയ വാക്കേറ്റത്തിനും കാരണമായി. ഫീസ്, നികുതി, വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങളൊക്കെ വെബ്‌സൈറ്റ് തകരാറിനെ തുടർന്ന് നടത്താൻ കഴിയാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ
സോഫ്റ്റ്‌വേറിന് അനക്കമില്ലായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.
ഫീസ് കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പിഴ അടയ്ക്കണമെന്ന ഉത്തരവ് അടുത്തിടെ കേന്ദ്രസർക്കാർ നടപ്പാക്കിയിരുന്നു. അതുകൊണ്ടുതന്നെ പിഴയൊഴിവാക്കാൻ പലരും രാവിലെ മുതൽ വൈകീട്ടുവരെ ക്ഷമയോടെ കാത്തുനിന്നു.
കോവിഡിന് മുൻപ് എറണാകുളം ആർ.ടി. ഓഫീസിന്റെ അകത്ത് എട്ട് കൗണ്ടറുകളാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഒറ്റ കൗണ്ടർ മാത്രമാണുള്ളത്. സംശങ്ങൾ ചോദിക്കണമെങ്കിൽപോലും ഈ കൗണ്ടറിൽ ക്യൂ നില്കണം. ബുദ്ധിമുട്ട് ഉള്ളിലൊതുക്കി അപേക്ഷകർ ക്ഷമയോടെ കാത്ത് നിൽക്കുമ്പോഴാണ് ഇടിത്തീപോലെ നെറ്റ്‌വർക്ക് പ്രശ്നമുണ്ടായത്. ഓൺലൈനിൽ അടയ്ക്കാൻ കഴിയാതെ വന്നതോടെ പലരും നേരിട്ടെത്തിയത് ഓഫീസിന് മുൻപിൽ തിരക്കിന് വഴിവെച്ചു. വാഹന സംബന്ധമായ അപേക്ഷകൾക്ക് പുറമേ ലേണേഴ്‌സ് ലൈസൻസിനുവേണ്ടിയും നിരവധി അപേക്ഷകരാണെത്തിയത്. ജോലിപോലും മുടക്കി വന്നവർക്ക് മണിക്കൂറുകളോളം കാത്തുനിന്നു മടങ്ങാനായിരുന്നു നിയോഗം. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന എറണാകുളം ആർ.ടി. ഓഫീസിലാണ് ഇടയ്ക്കിടെ സോഫ്റ്റ്‌വേർ പണിമുടക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..