കാക്കനാട് : തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി. അനിൽകുമാറിനെ 'പുറത്താക്കാനുള്ള' പ്രമേയത്തിന് ഒടുവിൽ എ ഗ്രൂപ്പ് കൗൺസിലർമാരും വഴങ്ങി. പാർട്ടിയെ ധിക്കരിച്ചാൽ ഇനി പുറത്താണെന്ന മുന്നറിയിപ്പുകൂടി നൽകിയതോടെയാണ് കൗൺസിലർമാർ വഴങ്ങിയത്. ഈ മാസം 25-ന് ചേരുന്ന തൃക്കാക്കര കൗൺസിൽ യോഗത്തിൽ 'സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന പ്രമേയം' അവതരിപ്പിക്കും.
ശനിയാഴ്ച ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് കോൺഗ്രസ് എ, ഐ ഗ്രൂപ്പ് കൗൺസിലർമാരുടെ തമ്മിലടിക്കുശേഷം പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഡി.സി.സി.യുടെ നിർദേശപ്രകാരം ഡി.സി.സി. ജനറൽ സെക്രട്ടറി പി.ഐ. മുഹമ്മദാലിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കഴിഞ്ഞ ദിവസം നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ സെക്രട്ടറിക്കെതിരേ പ്രമേയ വിഷയം ചർച്ച ചെയ്യാൻ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി യോഗം വിളിച്ചിരുന്നു. ഇതിൽ എഗ്രൂപ്പിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത സണ്ണി, കൗൺസിലർമാരായ വി.ഡി. സുരേഷ്, രാധാമണി പിള്ള, ജോസ് കളത്തിൽ എന്നിവർ വിട്ടുനിന്നിരുന്നു. ഇവരെ അനുനയിപ്പിക്കാനായിരുന്നു കോർ കമ്മിറ്റി വിളിച്ചത്.
യോഗത്തിൽ ഐ ഗ്രൂപ്പിലെ ഷാജി വാഴക്കാലയും എ ഗ്രൂപ്പിലെ വി.ഡി. സുരേഷും തമ്മിലുള്ള തർക്കം 'വാടാ പോടാ' വിളിയിലെത്തി. ഒടുവിൽ യോഗത്തിൽനിന്ന് വി.ഡി. സുരേഷ് ഇറങ്ങിപ്പോയി. ഇതിനിടെ 'യു.ഡി.എഫ്. ഭരണസമിതിയെയും കോൺഗ്രസിനെയും അപകീർത്തിപ്പെടുത്തുന്ന സെക്രട്ടറിയെ മാറ്റുന്ന കാര്യത്തിൽ പാർട്ടി നിർദേശം അംഗീകരിക്കണം, അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താവുമെന്ന' ഡി.സി.സി. നിർദേശം നേതാക്കൾ യോഗത്തിൽ അറിയിച്ചു. ഇതോടെ വിമത ശബ്ദമുയർത്തിയവർ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ഉറപ്പുനൽകി. വിപ്പിന് സമാനമായ രീതിയിൽ എഗ്രൂപ്പിലെ മൂന്നുപേരിൽനിന്ന് പ്രമേയത്തെ പിന്തുണച്ചുകൊണ്ടുള്ള ഒപ്പും വാങ്ങി. പിന്നീട് വി.ഡി. സുരേഷും പാർട്ടി നിർദേശം അംഗീകരിക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..