കാക്കനാട് : ചൂടേറുന്നു പകലുകളിൽ, ഒപ്പം നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും ഉള്ളിൽ ചൂടേറുംവിധം നാടെങ്ങും തീപ്പിടിത്തങ്ങളും വർധിക്കുന്നു.
റോഡരികിലെ അടിക്കാടുകളും ഒഴിഞ്ഞ പറമ്പിലെ പുല്ലും ഫർണിച്ചർ സ്ഥാപനങ്ങളും മറ്റും കത്തുന്നത് നിത്യ സംഭവമായതോടെ നിന്നുതിരിയാൻ സമയമില്ലാതായിരിക്കുകയാണ് അഗ്നിരക്ഷാ സേനയ്ക്ക്.
തൃക്കാക്കര അഗ്നിരക്ഷാ സേനയുടെ പരിധിയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ 20 തീപ്പിടിത്തമുണ്ടായി. പുല്ലിന് തീപിടിക്കുന്നത് പലപ്പോഴും ഗതാഗത സൗകര്യമില്ലാത്ത ഇടങ്ങളിലാണ്. ഇക്കാരണത്താൽ സേനയുടെ വാഹനത്തിന് അപകടസ്ഥലത്തെത്താൻ കഴിയുന്നില്ല. മറ്റു പല ഫയർസ്റ്റേഷനിലും വിരലിലെണ്ണാവുന്ന ജീവനക്കാരാണുള്ളത്. വാഹനവുമില്ല.
കാക്കനാട് ഐ.എം.ജി. ജങ്ഷൻ, കളമശ്ശേരി എച്ച്.എം.ടി., കിൻഫ്ര, സീപോർട്ട്-എയർപോർട്ട് റോഡരിക്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ ഈ മാസം നിരവധി തവണയാണ് പുല്ലിനും റബ്ബർ തോട്ടത്തിനും തീപിടിച്ചത്. വ്യവസായ കേന്ദ്രങ്ങൾക്കു പോലും ഭീഷണിയാവുന്ന തരത്തിൽ തീയുയരുമ്പോൾ കൃത്യസമയത്ത് എത്താൻ കഴിയാതെ അഗ്നിരക്ഷാ ജീവനക്കാർ കഷ്ടപ്പെടുന്നു.
പലപ്പോഴും ചെറിയ അശ്രദ്ധ മൂലമാണ് തീയുണ്ടാകുന്നത്. വേനലാകുമ്പോൾ നാട്ടുകാർ ചേർന്ന് റോഡരികിലുള്ള പുല്ലും മറ്റും കത്തിച്ചുകളയാറുണ്ടായിരുന്നു. എന്നാലിപ്പോൾ പല സ്ഥലങ്ങളിലും റോഡരികിൽ കാടുകയറിയിരിക്കുന്നു.
ചിലയിടങ്ങളിൽ നാട്ടുകാർ തീയിടുകയും നിയന്ത്രിക്കാൻ കഴിയാതെ വരുമ്പാൾ തങ്ങളെ വിളിക്കുകയുമാണെന്ന് അഗ്നിരക്ഷാ ജീവനക്കാർ പറയുന്നു.
പടരാതെ നോക്കാം
* ബീഡി, സിഗരറ്റ് എന്നിവ കെടുത്താതെ കളയുന്നത് ഒഴിവാക്കണം * കരിയിലകളും കടലാസ് മാലിന്യവും കൂടിയിരിക്കുന്നിടത്ത് സൂര്യപ്രകാശം പതിച്ച് തീ പിടിക്കുന്ന സംഭവങ്ങളും കുറവല്ല. കണ്ണാടിയുടെ സഹായത്തോടെ സൂര്യപ്രകാശം കടലാസിൽ ഒരു പ്രത്യേക ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ തീപിടിക്കും * കടുത്ത ചൂടുസമയത്ത് തിളക്കമുള്ള പ്രതലത്തിൽ സൂര്യപ്രകാശം തട്ടി തീയുണ്ടാകാനിടയുണ്ട്. * നിയന്ത്രിക്കാനാവാത്ത വിധത്തിൽ റോഡരികിൽ ചപ്പുചവർ കൂട്ടി തീയിടരുത്. * ഷോർട് സർക്യൂട്ടാണു കെട്ടിടങ്ങളിലെ അഗ്നിബാധയുടെ പ്രധാന കാരണം. നിലവാരമില്ലാത്ത വയറിങ്ങും പ്ലഗ് പോയിന്റുകളുടെ അശ്രദ്ധമായ ഉപയോഗവുമാണ് ഷോർട് സർക്യൂട്ടിനു കാരണമാകുന്നത് * ഗുണനിലവാരമില്ലാത്ത ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞിട്ടും മണിക്കൂറുകളോളം അശ്രദ്ധമായി പ്ലഗ് ചെയ്തു വെക്കുന്നതും തീപിടിക്കാൻ കാരണമാകുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..