ബസ് ടെർമിനൽ: പദ്ധതി രൂപരേഖ തയ്യാറാക്കാൻ സ്ഥലപരിശോധന തുടങ്ങി


നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ സാന്നിധ്യത്തിൽ ഡി.പി.ആർ. തയ്യാറാക്കാനുള്ള സ്ഥലം പരിശോധനയ്ക്ക്‌ പഴയ ഷോപ്പിങ് കോംപ്ലക്സ് ഭാഗത്ത് ഏജൻസി ഉദ്യോഗസ്ഥർ എത്തിയപ്പോൾ

കാക്കനാട് : ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ കാക്കനാട് ബസ് ടെർമിനൽ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടന്ന് തൃക്കാക്കര നഗരസഭ. പദ്ധതിയുടെ വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഏജൻസി ഉദ്യോഗസ്ഥർ പദ്ധതിപ്രദേശം പരിശോധിച്ചു. പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങളിൽ ഉൾപ്പെടെ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ സാന്നിധ്യത്തിലാണ് പരിശോധിച്ചത്.

ആഴ്ചകൾക്ക് മുൻപ് ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത 'പിതാവാഡിയൻ ആൻഡ് പാർട്‌ണേഴ്‌സ്' ഏജൻസിക്ക് ടെൻഡർ നൽകാനുള്ള ഭരണസമിതി തീരുമാനം പാസാക്കിയത്. തൃക്കാക്കര മുനിസിപ്പൽ ഓഫീസിന് സമീപത്തെ പഴക്കംചെന്ന ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് നഗരസഭാ ആസ്ഥാന മന്ദിരവും ബസ് ടെർമിനലും വാണിജ്യസമുച്ചയവുമൊക്കെ ചേർത്ത് 'സ്മാർട്ട് ഹബ്ബ്' നിർമിക്കുന്നതാണ് നിർദിഷ്ട പദ്ധതി.

നിർമാണം നടത്താനിരിക്കുന്ന ഭൂമി പുറമ്പോക്കിലാണെന്ന് ചൂണ്ടിക്കാട്ടി പദ്ധതിക്ക് മുന്നോടിയായുള്ള സർവേ, റവന്യൂ വകുപ്പ് തടഞ്ഞതോടെയാണ് വിവാദത്തിലായത്. തുടർന്ന് ജില്ലാ ഭരണകൂടം നിബന്ധനകളോടെ നിർമാണത്തിന് താത്കാലിക എൻ.ഒ.സി. നൽകിയതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് വീണ്ടും വഴിതെളിഞ്ഞു. നിലവിലുള്ള സ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾ നടത്താമെന്നും കൂടുതൽ ഭൂമി ആവശ്യമുണ്ടെങ്കിൽ അത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി അനുമതി വാങ്ങണമെന്നുമുൾപ്പെടെയാണ് നിബന്ധന.

സ്ഥലം പരിശോധനയ്ക്ക് ചെയർപേഴ്‌സണൊപ്പം വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺമാരായ സോമി റെജി, നൗഷാദ് പല്ലച്ചി, സ്മിത സണ്ണി, സുനീറ ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.

അനുമതിയില്ലെന്ന് പ്രതിപക്ഷം

ബസ് ടെർമിനൽ നിർമാണത്തിന് മുന്നോടിയായുള്ള ഡി.പി.ആർ. തയ്യാറാക്കാൻ ഏജൻസിയെ കൗൺസിൽ യോഗം ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് സ്ഥലപരിശോധന പ്രതിപക്ഷം തടയാൻ ശ്രമിച്ചു. എൽ.ഡി.എഫ്. കൗൺസിലർമാരായ ജിജോ ചിങ്ങംതറ, പി.സി. മനൂപ് എന്നിവരാണ് രംഗത്തെത്തിയത്. ഈ കമ്പനിക്ക് നൽകാനുള്ള തീരുമാനം കൗൺസിലിൽ സപ്ലിമെന്ററി അജൻഡ ആയിട്ടാണ് വന്നതെന്നും പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതാണെന്നും കൗൺസിലർമാർ പറയുന്നു. കരാർ ഉറപ്പിക്കാതെയാണ് നഗരസഭയുടെ ഭൂമിയിൽ പരിശോധന നടത്തുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..