Caption
കാക്കനാട് : തൊഴിലാളികളും കരാറുകാരനും തമ്മിൽ ദിവസങ്ങളായുള്ള തർക്കത്തെ തുടർന്ന് കൊച്ചി എഫ്.സി.ഐ. (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഗോഡൗണിൽ 8,500 ചാക്ക് ഭക്ഷ്യധാന്യം കുടുങ്ങി. തങ്ങളുടെ വിഹിതം ക്ഷേമനിധിയിൽ അടയ്ക്കാതെ ലോഡ് കയറ്റില്ലെന്ന നിലപാടുമായി തൊഴിലാളികൾ പണിമുടക്കിയതോടെ ജില്ലയുടെ ഒരു ഭാഗത്തേക്കുള്ള ഭക്ഷ്യധാന്യ വിതരണം നിലച്ചു. പണം അടയ്ക്കാമെന്ന് കരാറുകാരൻ അറിയിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള എഫ്.സി.ഐ. അധികൃതരുടെ ശ്രമം പാളി. ഇതോടെയാണ് പണിമുടക്കിലേക്ക് നീങ്ങിയത്.
എഫ്.സി.ഐ. ഗോഡൗണിലെ ലോഡ് കയറ്റാൻ കേന്ദ്രസർക്കാർ ചുമലപ്പെടുത്തിയ കരാറുകാരൻ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള പണം അടയ്ക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. ക്ഷേമനിധി ബോർഡ് വഴിയാണ് തൊഴിലാളികൾക്കു വേതനം നൽകുന്നത്. ജോലി കഴിഞ്ഞാൽ ഇവരുടെ കൂലി കരാറുകാരൻ ക്ഷേമനിധിയിൽ അടയ്ക്കുകയും അവിടെ നിന്നു തൊഴിലാളികൾക്ക് ലഭിക്കുകയുമാണ് പതിവ്. എന്നാൽ, കഴിഞ്ഞ മാസങ്ങളിലെ 20 ലക്ഷത്തോളം രൂപ കരാറുകാരൻ അടച്ചിട്ടില്ലെന്നാണ് പരാതി. ക്ഷേമനിധിയിൽ പണം അടച്ച ശേഷം മാത്രമേ ലോഡ് കയറ്റൂ എന്ന് തൊഴിലാളികൾ നിലപാടെടുത്തതോടെയാണ് എഫ്.സി.ഐ.യിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം നിലച്ചത്. ഇവരുടെ പണിമുടക്ക് കാരണം ദൈനംദിനം 50 ലോഡ് കയറിപ്പോകേണ്ട സ്ഥാനത്ത് മൂന്നുദിവസമായി ഒരു ലോഡ് പോലും കൊണ്ടുപോകാൻ കഴിയാതെ വിതരണക്കാരും വെട്ടിലായി.
എറണാകുളം ഐലൻഡിലെയും അങ്കമാലിയിലെയും എഫ്.സി.ഐ. ഗോഡൗണുകളിൽ നിന്നാണ് ജില്ലയ്ക്കുള്ള ഭക്ഷ്യധാന്യം കൈമാറുന്നത്. തുടർന്ന് സപ്ലൈ ഓഫീസ് അധികൃതർ ജില്ലയിലെ 12 എൻ.എഫ്.എസ്.എ. ഡിപ്പോകൾ വഴിയാണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. കൊച്ചി എഫ്.സി.ഐ.യിലെ പണിമുടക്കിനെ തുടർന്ന് രണ്ട് താലൂക്ക് സപ്ലൈ ഓഫീസ്, രണ്ട് സിറ്റി റേഷനിങ് ഓഫീസ് എന്നിവയ്ക്ക് കീഴിലുള്ള റേഷൻ കടകളിലേക്കുള്ള അരി, ഗോതമ്പ് വിതരണമാണ് മുടങ്ങിയത്. അതിനിടെ ക്ഷേമനിധിയിൽ കരാറുകാരൻ തുക അടയ്ക്കാതെ തൊഴിലാളികൾ പണിമുടക്കിയിട്ടും ഈ കരാറുകാരനെ മാറ്റി ഭക്ഷ്യധാന്യവിതരണം സുഗമമാക്കാൻ എഫ്.സി.ഐ. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
52 ലോഡ് മാറ്റണം, അങ്കമാലിയിലേക്ക്
:കൊച്ചി എഫ്.സി.ഐ.യിലെ തൊഴിലാളികളും കരാറുകാരനും തമ്മിലുള്ള പ്രശ്‌നം റേഷൻ വിതരണത്തെ ബാധിക്കാതിരിക്കാൻ 52 ലോഡ് അങ്കമാലിയിലേക്ക് മാറ്റിത്തരണമെന്ന ആവശ്യമുന്നയിച്ച് എഫ്.സി.ഐ. അധികൃതർക്ക് കത്ത് നൽകി. കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽ പരിമിതികളുണ്ട്.
ബി. ജയശ്രീ, ജില്ലാ സപ്ലൈ ഓഫീസർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..