ബഹളം, ഉപരോധം, പൂട്ടിയിടൽ തൃക്കാക്കര നഗരസഭയിൽ സെക്രട്ടറി ‘ഇനി പുറത്ത് ’


സെക്രട്ടറി ബി. അനിൽകുമാറിനെ മാറ്റണമെന്ന പ്രമേയം പാസാക്കി യു.ഡി.എഫ്.

ബഹളത്തിനിടെ സെക്രട്ടറിയെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ടുള്ള അജൻഡ വായിച്ച് പാസാക്കുന്ന ചെയർപേഴ്‌സൺ അജിത തങ്കപ്പൻ. ഒരുഭാഗത്ത് പ്രതിപക്ഷം ബഹളംവെയ്ക്കുമ്പോൾ മറുഭാഗത്ത് കൈയടിച്ചു പാസാക്കുന്ന യു.ഡി.എഫ്. അംഗങ്ങൾ

കാക്കനാട് : വലിയ ബഹളം, അതിനിടെ അജൻഡ വായിച്ച് പാസാക്കൽ, പിന്നാലെ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥയെ ഉപരോധിക്കൽ. പുറത്ത് പോകാതിരിക്കാൻ കൗൺസിൽ ഹാൾ പൂട്ടി പ്രതിപക്ഷം. നാടകീയതയ്‌ക്കൊടുവിൽ തൃക്കാക്കര നഗരസഭാ സെക്രട്ടറിക്കെതിരേ യു.ഡി.എഫ്. ഭരണസമിതി കൊണ്ടുവന്ന പ്രമേയം പാസാക്കി. പ്രതിപക്ഷമായ എൽ.ഡി.എഫിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് സെക്രട്ടറി ബി. അനിൽകുമാറിനെ സ്ഥലംമാറ്റാനുള്ള ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ ശ്രമങ്ങൾക്ക് നഗരസഭാ കൗൺസിലിൽ അംഗീകാരമായത്.

സർക്കാരിലേക്ക് സമർപ്പിക്കുന്ന പ്രമേയം സർക്കാർ അംഗീകരിച്ച് സെക്രട്ടറിയെ മാറ്റണമെന്നാണ് ചട്ടം. യോഗം തുടങ്ങിയപ്പോൾ തന്നെ ഏത് മുനിസിപ്പൽ വകുപ്പ് പ്രകാരമാണ് പ്രമേയമെന്ന് വ്യക്തമാക്കുന്ന ഫയൽ നമ്പർ നോട്ടീസിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് ഈ വിഷയം അജൻഡയായി ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചെയർപേഴ്‌സൺ മറുപടി നൽകി. കൗൺസിലിൽ യു.ഡി.എഫിലെ 25 പേരും എൽ.ഡി.എഫിലെ 18 പേരും ഹാജരായിരുന്നു. സെക്രട്ടറി ബി. അനിൽകുമാർ അവധിയിലായിരുന്നതിനാൽ സൂപ്രണ്ട് ശാലിനി സാമിനായിരുന്നു ചുമതല. അജൻഡ വായനയ്ക്കിടെ പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടിനെ ഉപരോധിച്ചു. ചെയർപേഴ്‌സന്റെ ചട്ടം ലംഘിച്ചുള്ള പ്രമേയത്തിന് പിന്തുണ നൽകിയെന്ന് ആരോപിച്ചായിരുന്നു സൂപ്രണ്ടിനെ വളഞ്ഞത്.

സൂപ്രണ്ട് പുറത്തേക്ക് പോകാൻ ശ്രമിച്ചതോടെ സി.പി.എം. അംഗമായ അജുന ഹാഷിം കൗൺസിൽ ഹാളിന്റെ വാതിൽ പൂട്ടിയിട്ടു. എൽ.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ നിയമംനോക്കി സംഭവം പരിശോധിക്കാമെന്ന് ഉറപ്പുനൽകിയ ശേഷമാണ് വാതിൽ തുറന്ന് സൂപ്രണ്ടിനെ പോകാൻ അനുവദിച്ചത്.

രണ്ടുവർഷമായി നഗരസഭയിൽ അഴിമതി നടത്തുക മാത്രമാണ് യു.ഡി.എഫ്. ചെയ്യുന്നതെന്നും ഇതിന് കൂട്ടുനിൽക്കാത്തതിന്റെ വൈരാഗ്യത്തിലാണ് സെക്രട്ടറിയെ മാറ്റുന്നതെന്നും പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു ആരോപിച്ചു.

നഗരസഭയുടെ പ്രവൃത്തികളുടെ ബില്ലുകൾ ഒപ്പിടാതെ മാറ്റിവെച്ചും ഫയലുകളിൽ കുറിപ്പ് എഴുതിയും ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ് സെക്രട്ടറി നടത്തിയതെന്ന് ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ആരോപിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..