കാരക്കാട്ടുചിറയുടെ വികസനം കാടുകയറുന്നു


അത്താണി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ കാരക്കാട്ടുചിറയുടെ വികസനം കാടുകയറുന്നു. ചിറയ്ക്കു ചുറ്റുമുള്ള റോഡിലൂടെ നടക്കാനോ, ചിറയിലേക്ക് ഇറങ്ങാനോ കഴിയാത്തവിധം കാടുപിടിച്ചു കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവും വേനൽ ശക്തമായതോടെ വെള്ളവും താഴ്ന്നുതുടങ്ങി. ഇത് പ്രദേശത്തെ കിണറുകളെ ബാധിക്കും. വേനലിൽ ആനപ്പാറ ലിഫ്റ്റ്‌ ഇറിഗേഷനിൽനിന്നും ചിറയിലേക്ക് വെള്ളം പമ്പ് ചെയ്യാറുണ്ട്. മൂന്നുനാലു വർഷമായി അത് നടക്കുന്നില്ല.

കഴിഞ്ഞ ഭരണകാലത്ത് ചിറയുടെ സംഭരണശേഷി ഉയർത്താൻ 25 ലക്ഷം രൂപ മുടക്കി വശങ്ങൾ പൊക്കിക്കെട്ടി ചുറ്റുമുള്ള വഴിയിൽ കുറച്ചുഭാഗത്ത് മണ്ണിട്ട്‌ ഉയർത്തിയെങ്കിലും അത് വൃത്തിയായി ചെയ്തില്ലെന്നു ആക്ഷേപമുണ്ട്. ചിറയുടെ തുടർവികസനം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്ന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത്‌ അധികൃതർ പറയുന്നുണ്ടെങ്കിലും നടപടികളായില്ല.

2003-ലാണ് ചിറ നവീകരിച്ചത്. അന്ന് കൈയേറ്റക്കാരെ ഒഴിപ്പിച്ച് ചിറ അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. ത്രിതല പഞ്ചായത്തുകൾ 15 ലക്ഷം രൂപ ചെലവിട്ട് ചിറ മൂന്ന് മീറ്ററോളം താഴ്ത്തി ചുറ്റും കരിങ്കല്ലുകെട്ടി വെള്ളം സംഭരിച്ചു. പ്രദേശത്തെ വരൾച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കുകയായിരുന്നു ലക്ഷ്യം. നവീകരണത്തിന്റെ ഭാഗമായി ചിറയുടെ ചുറ്റും മൂന്നു മീറ്റർ വീതിയിൽ റോഡ്‌ സജ്ജമാക്കി. നാലുവശത്തും ഓരോ കുളിക്കടവുകളും നിർമിച്ചു. കിഴക്കു-വടക്കു വശങ്ങളിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാൻ കാനയുണ്ടാക്കി. ചിറ താഴ്ത്തിയ മണ്ണ് വിറ്റുകിട്ടിയ 10 ലക്ഷം രൂപയും നവീകരണത്തിനായി വിനിയോഗിച്ചു. ചിറയ്ക്ക് ചുറ്റുമുള്ള നടപ്പാത നവീകരിച്ച് ആളുകൾക്ക് നടക്കാനും വിശ്രമിക്കാനും സൗകര്യമൊരുക്കുക, ചുറ്റും പൂന്തോട്ടം ഒരുക്കുക, മത്സ്യം വളർത്തൽ, കുട്ടികൾക്ക് നീന്തൽ പരിശീലനം എന്നിവയ്ക്ക് സൗകര്യമൊരുക്കുക, ചിറയുടെ വശങ്ങൾ പൊക്കിക്കെട്ടി സംഭരണശേഷി വർധിപ്പിക്കുക എന്നീ പദ്ധതികളുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല.

ചിറയിൽ വർഷംതോറും ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകുന്ന മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാറുണ്ടെങ്കിലും വിളവായ മീൻ പിടിക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് ധാരണയില്ല. കഴിഞ്ഞദിവസം ഇതുപോലെ സൗജന്യമായി ലഭിച്ച 50,000 കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ വാർഡ്‌ മെംബർ അജിത അജയൻറെ നേതൃത്വത്തിൽ ചിറയിൽ തുറന്നുവിട്ടിരുന്നു. ഒരാഴ്ച മുൻപ് രാത്രിയിൽ 14-ാം വാർഡിലെ അത്താണി കുറുന്തലക്കോട്ടു ചിറയിൽ രാസലായിനി കലക്കി തമിഴ് സംഘം കൂട്ടത്തോടെ മീൻ പിടിച്ചിരുന്നു. വേനൽക്കാലങ്ങളിൽ ചിറകളിലെ മീൻപിടിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് നാട്ടുകാർ പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..