ചെമ്പുമുക്ക് പറക്കാട്ട് ടെമ്പിൾ റോഡിൽ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നു
കാക്കനാട് : ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി. സംഭവം നടന്നിട്ട് ഒരുമാസം. ഇത്രയും ദിവസം കൊണ്ട് ഇവിടെ ഒഴുകിപ്പോയത് ആയിരക്കണക്കിനു ലിറ്റർ വെള്ളം. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നാട്ടിലാണിത്. ചെമ്പുമുക്ക് പറക്കാട്ട് ടെമ്പിൾ റോഡ് ഭാഗത്താണ് കുടിവെള്ളം റോഡിലൂടെ പാഴാകുന്നത്.
പൈപ്പ് പൊട്ടിയതുതൊട്ട് നാട്ടുകാർ വിവരം വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ല. വാർഡ് കൗൺസിലർ കൂടിയായ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന്റെ ശ്രദ്ധയിൽപ്പെടുത്തി. ചെയർപേഴ്‌സൺ അധികൃതരെ പലവട്ടം വിവരം അറിയിച്ചെങ്കിലും ഉടൻ നന്നാക്കാമെന്ന് പറഞ്ഞിട്ട് ഒരുമാസം കഴിഞ്ഞു. പിന്നെ വിളിച്ചാൽ ഉദ്യോഗസ്ഥർ ഫോൺ എടുക്കുന്നില്ലെന്ന് ചെയർപേഴ്‌സൺ.
അതിനിടെ നാട്ടുകാർ ഗ്യാസ് പൈപ്പ് ലൈൻ അധികൃതരെ ബന്ധപ്പെട്ടപ്പോൾ പൊട്ടിയ പൈപ്പ് നന്നാക്കാനായി കരാറുകാർക്ക് പണം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. ഒന്നുരണ്ട് തവണ തൊഴിലാളികളെത്തി കുഴിയടയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പൈപ്പ് ചോർച്ച മാറിയില്ല. നേരത്തേ ചെറിയ ചോർച്ചയായിരുന്നെങ്കിൽ ഇപ്പോൾ ദിവസം മുഴുവൻ വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകി നഷ്ടപ്പെടുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..