കാക്കനാട് സ്റ്റാൻഡിൽ സ്വകാര്യബസിന്റെ മുൻപിലെ ചില്ലിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകൾ മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ നീക്കുന്നു
കാക്കനാട് : ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ മുൻപിലെ ചില്ലിൽ ചിത്രങ്ങളും സ്ഥലപ്പേരുകളും ഒട്ടിച്ച് പായുന്ന സ്വകാര്യ ബസുകൾക്കെതിരേ നടപടി തുടങ്ങി.
ബുധനാഴ്ച ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 150 ഓളം ബസുകൾക്കാണ് പിടിവീണത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഓട്ടത്തിന് ശേഷം ബസ് സ്റ്റാൻഡുകളിൽ നിർത്തിയിട്ടിരുന്ന ബസുകൾ കേന്ദ്രീകരിച്ച് നിരവധി സ്‌ക്വാഡുകളാണ് രംഗത്തിറങ്ങിയത്.
പിടികൂടിയ ബസുകൾക്ക് പിഴ ചുമത്തിയ ശേഷം ജീവനക്കാരെക്കൊണ്ടു തന്നെ ചില്ലുകളിലെ സ്റ്റിക്കറുകൾ നീക്കം ചെയ്യിപ്പിച്ചു. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ദിവസങ്ങൾക്കു മുൻപ് ലിസി ജങ്ഷന് സമീപം സ്വകാര്യ ബസിടിച്ച് യുവതി മരിച്ചിരുന്നു. റോഡ് മുറിച്ചുകടക്കവേ ആയിരുന്നു കാൽനടയാത്രക്കാരിയായ യുവതി മരിച്ചത്.
ബസിന്റെ മുൻപിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കർ കാരണം ഡ്രൈവർക്ക് കാണാൻ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് കോടതിയിൽ പരാമർശം ഉയർന്ന സാഹചര്യത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.
പരിശോധനയിൽ ഭൂരിഭാഗം ബസുകളിലും മുൻപിലെ ഗ്ലാസിൽ ചിത്രപ്പണികളും ഡിസൈനുകളിൽ പേരുകളും സ്ഥലപ്പേരുകളും അടക്കമുള്ളവ എഴുതിവച്ചിരുന്നു. ഇതുകൂടാതെയാണ് കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ആരാധനാലയങ്ങളുടെ ചിത്രങ്ങൾ, മതചിഹ്നങ്ങൾ, താരങ്ങളുടെ ചിത്രവും പേരും അടക്കമുള്ള സ്റ്റിക്കറുകൾ തുടങ്ങിയവ ഒട്ടിച്ചിട്ടുള്ളത്. ഇത്തരം അലങ്കാരപ്പണികളെല്ലാം പരിശോധനയിൽ ഉദ്യോഗസ്ഥർ ജീവനക്കാരെക്കൊണ്ട് നീക്കം ചെയ്യിപ്പിച്ചു.
എറണാകുളം, മൂവാറ്റുപുഴ ആർ.ടി. ഓഫീസുകളിലെയും ഇതിന് കീഴിലുള്ള സബ് ആർ.ടി. ഓഫീസുകളിലെയും ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി രംഗത്തുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..