• വളയൻചിറങ്ങര എൽ.പി. സ്‌കൂളിൽ കുട്ടികൾക്കായി നിർമിച്ച മെട്രോ ട്രെയിനിന്റെ മാതൃക
പെരുമ്പാവൂർ : സ്വന്തമായി മെട്രോ ട്രെയിനുള്ളതിന്റെ ഗമയിലാണ് വളയൻചിറങ്ങര ഗവ. എൽ.പി. സ്‌കൂളിലെ കൂട്ടുകാർ. കൊച്ചി മെട്രോയുടെ അതേ മാതൃകയിലാണ് കുട്ടികൾക്കായി സ്‌കൂൾ മുറ്റത്ത് കോൺക്രീറ്റിൽ മെട്രോ ട്രെയിൻ ഒരുക്കിയിരിക്കുന്നത്. 20 കുട്ടികൾക്കു വരെ ഒരു സമയം ട്രെയിനിൽ കളിക്കാം.
ട്രെയിനിൽനിന്ന് ഊർന്നിറങ്ങാൻ സ്ലൈഡറുമുണ്ട്. പഠനത്തോടൊപ്പം കുട്ടികൾക്കായി വിനോദോപാധികൾ ഒരുക്കുന്നതിൽ ശ്രദ്ധ െവക്കുന്നവരാണ് സ്‌കൂൾ അധികൃതർ.
പാർക്കുകളിൽ മാത്രം കാണുന്ന 'ട്രമ്പോലി'നും പുതിയതായി സ്ഥാപിച്ചു. തേൻവരിക്ക ചക്കയുടെയും തണ്ണിമത്തന്റെയും രൂപത്തിൽ കോൺക്രീറ്റിൽ തീർത്ത ചായംപൂശിയ ഇരിപ്പിടങ്ങൾ, കൂറ്റൻ പ്ലാവിന്റെ ശിഖരത്തിൽ ഒരുക്കിയ ആകാശവീട്, ഊഞ്ഞാലുകൾ, രാക്ഷസന്റെ രൂപമുള്ള സ്ലൈഡർ, സീസോ തുടങ്ങിയവയും കുട്ടികൾക്കായി നേരത്തേ തയ്യാറാക്കിയിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വളയൻചിറങ്ങര ഗവ. എൽ.പി. സ്‌കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെ 803 കുട്ടികളുണ്ട്. മുൻപ് ജെൻഡർ ന്യൂട്രൽ യൂണിഫോം രൂപകല്പനയിലൂടെ സ്‌കൂൾ ശ്രദ്ധ നേടിയിരുന്നു. പ്രീ പ്രൈമറി വിദ്യാഭ്യാസം മേന്മയുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ എസ്.എം.സി.യും പി.ടി.എ.യും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് സ്‌കൂളധികൃതർ അറിയിച്ചു. ഹെഡ്മിസ്ട്രസ് കെ.എ. ഉഷ, എസ്.എം.സി. ചെയർമാൻ കെ. അശോകൻ, പി.ടി.എ. പ്രസിഡന്റ് വി. വിവേക് എന്നിവരാണ് സ്‌കൂളിന്റെ അമരക്കാർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..