Caption
കാക്കനാട് : വാട്ടർ ടാങ്കറുകളിൽ ഫ്ലാറ്റുകളിൽ ഉൾപ്പെടെ വിതരണം ചെയ്യുന്ന കുടിവെള്ളം ശേഖരിക്കുന്ന ഉറവിടങ്ങളിലെത്തി ഗുണനിലവാര പരിശോധന നടത്താൻ തീരുമാനം. ജില്ലാ കളക്ടർ രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന ഓപ്പറേഷൻ പ്യുവർ വാട്ടർ പദ്ധതിയുടെ ഭാഗമായി ചേർന്ന യോഗത്തിലാണ് നടപടി.
പരിശോധനയ്ക്ക് താലൂക്കുതല കമ്മിറ്റികളെയാണ് കളക്ടർ നിയോഗിച്ചത്. കുടിവെള്ള വിതരണത്തിനായി പാറമടകളിൽനിന്നു ജലം ശേഖരിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. താലൂക്കുതലത്തിലെ കുടിവെള്ള സ്രോതസ്സുകൾ കണ്ടെത്താനും നിർദേശം നൽകി. ഓപ്പറേഷൻ പ്യുവർ വാട്ടർ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ചതാണ് താലൂക്കുതല കമ്മിറ്റികൾ. ഫെബ്രുവരി 20-നകം താലൂക്കുതല കമ്മിറ്റികൾ ചേർന്ന് പരിശോധന നടത്തണം. സ്‌കൂളുകളിൽ കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്നും കളക്ടർ നിർദേശിച്ചു. അനധികൃതമായി വെള്ളം എടുക്കുന്നുണ്ടോയെന്നും താലുക്കുതല സ്ക്വാഡുകൾ പരിശോധിക്കണം. വാട്ടർ ടാങ്കറുകളിൽ വാട്ടർ മീറ്റർ സ്ഥാപിച്ച് കാര്യക്ഷമമായ ജലവിതരണം നടപ്പാക്കുന്നതിന് മാർഗനിർദേശം നൽകാൻ ലീഗൽ മെട്രോളജിയെ ചുമതലപ്പെടുത്തി. യോഗത്തിൽ സബ് കളക്ടർ പി. വിഷ്ണുരാജ്, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മണീട് തെക്കുമല:മണ്ണെടുപ്പ് ഹൈക്കോടതി തടഞ്ഞു
കൊച്ചി : മണീട് പഞ്ചായത്തിലെ തെക്കുമലയിൽ നിന്ന് ഹൈവേ നിർമാണത്തിനെന്ന പേരിൽ അനധികൃതമായി മണ്ണ് കടത്തുന്നതിനെതിരായ ഹർജിയിൽ മണ്ണെടുപ്പ് ഹൈക്കോടതി തടഞ്ഞു. സമീപവാസികളായ പി.കെ. ശശിയടക്കം നാലുപേർ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനു ശിവരാമന്റെതാണ് ഇടക്കാല ഉത്തരവ്.
മണ്ണെടുക്കാൻ പാരിസ്ഥിതികാനുമതിയില്ലാതെയാണ് നടപടികൾ സ്വീകരിച്ചതെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ഇത്തരം നടപടികൾക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ അനുമതി വേണമെന്ന് അതോറിറ്റിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. തുടർന്നാണ് മണ്ണെടുപ്പ് ഹൈക്കോടതി തടഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..