Caption
ഉദയംപേരൂർ : ഇടതുമുന്നണി ഭരിക്കുന്ന ഉദയംപേരൂർ ഗ്രാമപ്പഞ്ചായത്ത് ഒാഫീസിൽ വ്യാഴാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് പ്രസിഡൻറും ഭരണകക്ഷി അംഗങ്ങളും തടഞ്ഞുവവെച്ച് സമരം നടത്തി. രക്തസമ്മർദംകൂടി അവശനായ സെക്രട്ടറിയെ പോലീസെത്തി ആശുപത്രിയിലാക്കി. അതോടെ ജീവനക്കാരും പ്രതിഷേധിച്ചു.
സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നതെങ്കിലും സമരത്തിൽ സി.പി.ഐ അംഗങ്ങളാരും ഉണ്ടായില്ല. ഉദയംപേരൂർ നടക്കാവ്- മുളന്തുരുത്തി റോഡിലെ മാലിന്യങ്ങൾ മാസങ്ങൾക്കു മുൻപ് ജെ.സി.ബി.യും ടിപ്പറുമൊക്കെ ഉപയോഗിച്ച് മാറ്റിയിരുന്നു. അതിനായി ചെലവായ 95,000 രൂപ കരാറുകാരന് അനുവദിച്ചു കൊടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് സജിതാ മുരളിയും അംഗങ്ങളും സെക്രട്ടറി മുഹമ്മദ് ഹാഷിമിനെ ഓഫീസിൽ തടഞ്ഞ് സമരം ചെയ്തത്. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ശനിയാഴ്ച പഞ്ചായത്ത് പ്രസിഡൻറ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ വൈകീട്ട് മുതൽ രാത്രി 8.30 വരെ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ സെക്രട്ടറിയുടെ ഓഫീസ് കാബിനിൽ പ്രസിഡൻറും അംഗങ്ങളും സമരം തുടങ്ങി കുറച്ചു കഴിഞ്ഞതോടെ സെക്രട്ടറി ജീവനക്കാരുടെ ഭാഗത്തുള്ള കസേരയിൽ ചെന്നിരുന്നു. അവിടെയും സെക്രട്ടറിക്കു മുന്നിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രസിഡൻറും അംഗങ്ങളും സമരം തുടങ്ങിയതോടെയാണ് സംഭവം മറ്റു ജീവനക്കാരും പൊതുജനങ്ങളും അറിയുന്നത്. ഈ സമയം പോലീസും സ്ഥലത്തെത്തി.
ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്നും ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും സെക്രട്ടറി പറയുന്നുണ്ടായിരുന്നു. സെക്രട്ടറിക്ക് അനുകൂലമായി അദ്ദേഹത്തിന് ചുറ്റുംനിന്ന വനിതാ ജീവനക്കാരടക്കം തങ്ങളെയും സ്ഥലം മാറ്റിക്കോ എന്നും പറഞ്ഞുകൊണ്ടിരുന്നു. അതിനിടെ സെക്രട്ടറി കാബിനിലേക്ക് തിരിച്ചുകയറി വാതിൽ അകത്തുനിന്ന് കുറ്റിയിട്ടു.
പിന്നീടാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായതും സെക്രട്ടറിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റിയതും.
തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് പഞ്ചായത്തോഫീസിൽ ജീവനക്കാർ പ്രതിഷേധിച്ചതിനാൽ ഓഫീസ് പ്രവർത്തനം മുടങ്ങി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ ജനങ്ങളും ബുദ്ധിമുട്ടി.
സമരം ജനങ്ങളെ വലച്ചു -യു.ഡി.എഫ്.
ഉദയംപേരൂർ : ഗ്രാമപ്പഞ്ചായത്തോഫീസിൽ പ്രസിഡൻറും ഭരണകക്ഷി അംഗങ്ങളും നടത്തിയ സമരം ജനങ്ങളെ വലച്ചതായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ജൂബൻ ജോൺ പറഞ്ഞു. സെക്രട്ടറിക്കെതിരേ പ്രസിഡൻറടക്കം സമരം ചെയ്യുകയെന്നത് വിരോധാഭാസമാണ്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരം അംഗീകരിക്കാനാകില്ലെന്നും ജൂബൻ ജോൺ പറഞ്ഞു.
നടക്കാവ് - മുളന്തുരുത്തി റോഡിലെ മാലിന്യം നീക്കംചെയ്തതുമായി ബന്ധപ്പെട്ട്, പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ ഭീമമായ തുക കരാറുകാരന് നൽകണമെന്നാവശ്യപ്പെട്ടുള്ള സമരം, അഴിമതി മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ്. പഞ്ചായത്ത് പാർലമെൻററി പാർട്ടി നേതാവ് എം.പി. ഷൈമോൻ കുറ്റപ്പെടുത്തി. വിവാഹംകഴിഞ്ഞ് രജിസ്ട്രേഷൻ ചെയ്ത് വിദേശത്തേക്ക് പോകേണ്ടവരും ലൈഫ് പദ്ധതിയിൽ ഭവനനിർമാണവുമായി ബന്ധപ്പെട്ട് എൻ.ഒ.സി. കിട്ടേണ്ടവരും മറ്റ് അപേക്ഷകരും സമരംമൂലം വലഞ്ഞതായും യു.ഡി.എഫ്. കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..