ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സനിത റഹീം അവതരിപ്പിക്കുന്നു
കാക്കനാട് : കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ സംസ്കരണം, സ്ത്രീ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. 150.45 കോടി രൂപ വരവും 145.82 കോടി രൂപ ചെലവും 4.62 കോടി രൂപ നീക്കി െവപ്പുമുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സനിത റഹീം അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഫാമുകളിലൂടെയും പ്രത്യേക പദ്ധതികൾ നടപ്പാക്കിയും തനത് വരുമാനം വർധിപ്പിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. കൃഷിമേഖലയ്ക്ക് 7.75 കോടി രൂപയും വിദ്യാഭ്യാസ മേഖലയ്ക്ക് 9.5 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 6 കോടിയും വനിതകൾക്ക് 4.5 കോടിയും പട്ടിക വിഭാഗത്തിന് (കുടിവെള്ളം, പാർപ്പിടം ഉൾപ്പെടെ) 16.9 കോടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. മിനി വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങാൻ 5 കോടി രൂപ നീക്കിെവച്ചു. ജില്ലാ പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിന് 10 കോടി രൂപയും മൂല്യവർധിത ഉത്‌പന്നങ്ങളുടെ നിർമാണത്തിന് 50 ലക്ഷവും കെട്ടിട നിർമാണ സാമഗ്രികളുടെ ഗുണപരിശോധനയ്ക്ക് പുതിയ ലാബ് ആരംഭിക്കാൻ 50 ലക്ഷവും നീക്കിെവച്ചു. 50 വയസ്സ് കഴിഞ്ഞ അമ്മമാരുടെ പാചക നൈപുണ്യം ഉപയോഗപ്പെടുത്തുന്നതിന് ‘അമ്മ അടുക്കള’ 10 ലക്ഷവും സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പാർലമെന്ററി സംവിധാനം പരിചയപ്പെടുത്തുന്നതിനും ഷീ പാർലമെന്റ് പദ്ധതിക്ക് 5 ലക്ഷവും അനുവദിച്ചു. ജില്ലാ പഞ്ചായത്തിനുള്ള ബജറ്റ് വിഹിതത്തിൽ സർക്കാർ ഫണ്ട് വെട്ടിക്കുറച്ചതിനാൽ റോഡ് ഫണ്ടിൽ വലിയ കുറവാണ് ബജറ്റിൽ വന്നിട്ടുള്ളതെന്നും പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് 196.61 കോടിയുടെ ബജറ്റ് അവതരിപ്പിച്ചപ്പോൾ ഇത്തവണ 150.45 കോടി രൂപയുടെ ബജറ്റായി ചുരുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന പദ്ധതികൾ
* തീരമേഖലയെ വെള്ളപ്പൊക്ക വേലിയേറ്റത്തിൽ നിന്നു സംരക്ഷിക്കാൻ തീരരക്ഷാ പദ്ധതി രണ്ട് കോടി രൂപ * ലൈഫ്-പാർപ്പിട പദ്ധതിക്ക് 11 കോടി * ജില്ലയുടെ ചരിത്രവും സംസ്കാരവും പ്രദർശിപ്പിക്കുന്ന മ്യൂസിയം സ്ഥാപിക്കാൻ 50 ലക്ഷം രൂപ * വിവിധ കുടിവെള്ള പദ്ധതിക്ക് 5 കോടി രൂപ * റോഡുകളുടെ പുനരുദ്ധാരണത്തിനും മെച്ചപ്പെടുത്തലിനും 15 കോടി* പൊതു കുളങ്ങളുടെയും ചിറകളുടെയും സംരക്ഷണത്തിനുള്ള ജീവജലം പദ്ധതിക്ക് 2 കോടി* അഭയം തെരുവുനായ സംരക്ഷണ കേന്ദ്രത്തിനും പെറ്റ് കെയർ സെന്ററിനും 50 ലക്ഷം* രാജഹംസം പദ്ധതി മുച്ചക്ര വാഹന വിതരണം 50 ലക്ഷം* ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റ് 50 ലക്ഷം* അതിഥി തൊഴിലാളികൾക്കുള്ള ഹമാര ഘർ പദ്ധതി 10 ലക്ഷം.
കാർഷികം
* ക്ഷീരമിത്രം-പാൽ സബ്‌സിഡി ഒരു കോടി രൂപ * തരിശുരഹിത ജില്ല പദ്ധതി-50 ലക്ഷം* ചോളം, റാഗി, തിന തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷി-10 ലക്ഷം* പഴവർഗകൃഷി വ്യാപിപ്പിക്കാൻ 'ഫലം മധുരം' പദ്ധതി- 10 ലക്ഷം* ഫാം ടൂറിസം പദ്ധതി-20 ലക്ഷം* ഒക്കൽ ഫാമിൽ വിദ്യാഭ്യാസ ടൂറിസം പദ്ധതി-40 ലക്ഷം* വിവിധ കേന്ദ്രങ്ങളിൽ ഫാം ഫെസ്റ്റ്-25 ലക്ഷം* മേന്മ- വളങ്ങളുടെ ഗുണനിലവാര പരിശോധനാ ലാബ്-25 ലക്ഷം* ജില്ലാ പഞ്ചായത്ത് ബ്രാൻഡിൽ ജൈവ വളം, കീടനാശിനി വിപണനം-10 ലക്ഷം.
സ്ത്രീ സുരക്ഷ
* സുഖിനോ-ജില്ലാ പഞ്ചായത്ത് ഹോം നഴ്‌സിങ് പദ്ധതി-10 ലക്ഷം * സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം-50 ലക്ഷം* താലോലം- ഡേ കെയർ സെന്ററുകൾ സ്ഥാപിക്കാൻ-10 ലക്ഷം* കുടുംബശ്രീയുടെ റസ്റ്റോറന്റ് ഓൺ വീൽസ്-20 ലക്ഷം* പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം നൽകാൻ-10 ലക്ഷം
പ്രവാസി ക്ഷേമം
* ചെടിച്ചട്ടികൾ നിർമിക്കുന്ന യൂണിറ്റുകൾ ആരംഭിക്കാൻ പ്രവാസികൾക്ക് 30 ലക്ഷം രൂപ * ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഫുഡ് സ്ട്രീറ്റും ഫ്ളോട്ടിങ് റസ്റ്റോറന്റുകളും തുടങ്ങാൻ-10 ലക്ഷം വീതം * ഖാദി ഗ്രാമ വ്യവസായ യൂണിറ്റുകൾക്ക് 50 ലക്ഷം രൂപ
മാലിന്യ സംസ്‌കരണം
* ജലാശയങ്ങളിലെ മാലിന്യംതള്ളൽ തടയാനും കൃത്യമായ ഇടവേളകളിൽ ശുചീകരിക്കാനും ഹരിത കർമസേന മോഡലിൽ ബ്ലൂ ആർമി രൂപവത്കരിക്കാൻ-10 ലക്ഷം* ശുചീകരിക്കപ്പെട്ട ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ കമ്പിവേലിക്ക് 10 ലക്ഷം * നദീതീരങ്ങൾ വൃത്തിയാക്കി വാക് വേകൾ, ഓപ്പൺ ജിമ്മുകൾ, മിനി പാർക്കുകൾ സ്ഥാപിക്കാൻ 30 ലക്ഷം* കേടായ കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും സന്നദ്ധ പ്രവർത്തകർ വഴി ശേഖരിച്ച് പുനരുപയോഗം ചെയ്യുന്ന പദ്ധതി-20 ലക്ഷം രൂപ
വിദ്യാഭ്യാസം
* സ്‌കൂളുകളിൽ ശുചിത്വപൂർണമായ ടോയ്‌ലെറ്റുകൾ നിർമിക്കാൻ ഒരു കോടി * കുട്ടികൾക്ക് നീന്തൽ പരിശീലനത്തിന് നീന്തൽക്കുളങ്ങൾ സ്ഥാപിക്കാൻ 1.35 കോടി * ഫാഷൻ ഡിസൈനിങ് കോഴ്‌സ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകി ജോലി നൽകാൻ 5 ലക്ഷം
ആരോഗ്യം
* കുറഞ്ഞ നിരക്കിൽ വിവിധ പരിശോധനകൾ നടത്താൻ നീതി ലാബിന് ഒരു കോടി രൂപ * വൃക്ക രോഗികൾക്ക് ഡയാലിസിസ് പദ്ധതി-90 ലക്ഷം
* വ്യായാമ സൗകര്യത്തിന് ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കാൻ രണ്ടുകോടി * പുനർജനി-കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായം 40 ലക്ഷം * ആലുവ ജില്ലാ ആശുപത്രിയിൽ ഐ.സി. യൂണിറ്റ് 40 ലക്ഷം * വീടുകളിൽ ഉപയോഗ ശേഷം മിച്ചം വരുന്ന മരുന്നുകൾ ശേഖരിച്ച് ദരിദ്രർക്ക് സൗജന്യ വിതരണത്തിന് 10 ലക്ഷം രൂപ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..