തീപ്പിടിത്തമൊഴിവാക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കും


1 min read
Read later
Print
Share

Caption

കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തുടർച്ചയായ തീപ്പിടിത്തങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുമെന്നും ഫയർ പ്രൂഫിങ്ങിനായി സ്റ്റാർട്ടപ്പുകളെ സമീപിക്കുമെന്നും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രഹ്മപുരത്ത് തുടർച്ചയായ തീപ്പിടിത്തങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള വിശദമായ രൂപരേഖ ഉടനെ നൽകുമെന്നും കളക്ടർ അറിയിച്ചു. തീപ്പിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനും അവബോധം നൽകുന്നതിനുമായി ആരോഗ്യവിദഗ്‌ധരുടെ കമ്മിറ്റി രൂപവത്കരിക്കും.

ബ്രഹ്മപുരം പ്ലാന്റിൽ ഇനിയൊരു തീപ്പിടിത്തം ഉണ്ടാകാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള വിശദമായ റിപ്പോർട്ട് അഗ്നിരക്ഷാ സേന, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ സമർപ്പിക്കും. ഹിറ്റാച്ചി ഡ്രൈവർമാർക്ക് ഉടനടി വേതനം നൽകുമെന്നും കളക്ടർ പറഞ്ഞു.

ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നു മുതൽ വീടുകൾ കയറിയുള്ള ജൈവമാലിന്യ ശേഖരണം നടത്തും. ജൈവമാലിന്യ സംസ്കരണത്തിൽ ഉറവിട മാലിന്യ സംസ്കരണ മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്.

ജൈവമാലിന്യ ശേഖരണം നാല് വിഭാഗങ്ങളായി തിരിക്കും. ഒന്ന് ഫ്ളാറ്റുകളും അപ്പാർട്ട്‌മെന്റുകളും രണ്ട് അമിത അളവിൽ മാലിന്യം പുറന്തള്ളുന്നവ, മൂന്ന് റെസ്റ്റോറന്റുകളും ഹോട്ടലുകളും നാല് വീടുകൾ. ഇതിൽ ആദ്യത്തെ രണ്ട് വിഭാഗങ്ങളിലാണ് ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കൻ ഉദ്ദേശിക്കുന്നത്. അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവർ ഉടനടി അജൈവ മാലിന്യങ്ങൾ ശേഖരിക്കുമെന്നും കളക്ടർ അറിയിച്ചു.

ലോക പരിസ്ഥിതി ദിനത്തിനു മുൻപായി എറണാകുളത്തെ മാലിന്യവിമുക്ത ജില്ലയാക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്നും കളക്ടർ പറഞ്ഞു. ഓപ്പറേഷൻ ബ്രേക്‌ ത്രൂവിന്റെ നാലാം ഘട്ടം ഉടനടി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..