ഇരുട്ടത്ത് വഴിവക്കിൽ മാലിന്യമിട്ടു : 50 പേർ പിടിയിൽ


1 min read
Read later
Print
Share

നടപടി ശക്തമാക്കി ആരോഗ്യവിഭാഗം

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള പൊതുനിരത്തിൽ മാലിന്യം തളളുകയും മാലിന്യമിടാനെത്തുകയും ചെയ്ത അൻപതുപേരെ നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പിടികൂടി.

25 പേരെക്കൊണ്ട് തത്സമയം പിഴ അടപ്പിച്ചു. ഇവരിൽനിന്ന് 14,250 രൂപ ഈടാക്കി. ഇവർക്ക് നോട്ടീസും നല്കി. മേലിൽ ആവർത്തിക്കില്ലെന്ന് സത്യപ്രസ്താവന എഴുതിവാങ്ങിയാണ് ഇവരെ വിട്ടയച്ചത്.

ഇരുചക്ര വാഹനത്തിലും മറ്റുമെത്തി നിരത്തിൽ മാലിന്യം തള്ളിയ പതിനേഴ് വാഹനങ്ങളെ കുറിച്ച് വിവരം ലഭിച്ചു. ഇവർക്ക് മോട്ടോർ വാഹനവകുപ്പിൽനിന്ന് വിലാസം ശേഖരിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. വാഹനത്തിന്റെ ഏതെങ്കിലും ആവശ്യങ്ങൾക്ക് ആർ.ടി. അധികൃതരെയോ പോലീസിനെയോ സമീപിക്കുമ്പോൾ ഈ കേസ് തടസ്സമായി വരുന്ന വിധത്തിലാണ് നടപടി. വാഹനം വിൽക്കാനോ നികുതി പുതുക്കാനോ പേര് മാറാനോ ശ്രമിച്ചാലും മാലിന്യമിട്ട കേസ് ഉയർന്നുവരും. പിടിയിലായി നോട്ടീസ് ലഭിച്ച് പിഴ ഒടുക്കാത്തവർക്ക് രണ്ടാംഘട്ട നോട്ടീസ് അയയ്ക്കുന്നതിനുളള നടപടിയിലാണ്. ഇപ്പോൾ പിടിയിലായവർ ഇനിയും ഇതാവർത്തിച്ചാൽ പോലീസിൽ പരാതി നൽകി പുതിയ കേസ് രജിസ്റ്റർ ചെയ്യും.

ആരും കാണാതെ രാത്രിയിൽ മാലിന്യം തള്ളൽ

മൂവാറ്റുപുഴ വാഴപ്പിളളി ലിസ്യൂ സെന്റർ പരിസരം, ചാലിക്കടവ് പാലം, സത്രം കോംപ്ലക്സ്, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ ഈ മാസം 9, 15, 20 തീയതികളിൽ നടത്തിയ രാത്രി പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പകൽ പരിശോധന ശക്തമാക്കിയതോടെ പലരും വഴിവക്കിൽ മാലിന്യം തള്ളുന്നത് രാത്രിയിലേയ്ക്കാക്കിയിരുന്നു. ഇത് മനസ്സിലാക്കി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിന്ദു രാമചന്ദ്രൻ, ടി.കെ. ഷീജ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് രാത്രിപരിശോധന ശക്തമാക്കി. ഇതോടെ ഇരുളിന്റെ മറവിൽ പൊതു ഇടങ്ങളിൽ മാലിന്യം തള്ളിയവർ പിടിയിലാകുകയും ചെയ്തു. നഗരാതിർത്തിയിൽ അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരേ കർശനനടപടി തുടരുമെന്നും വരും ദിവസങ്ങളിലും പകൽ-രാത്രി പരിശോധന തുടരുമെന്നും നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..