വികേന്ദ്രീകൃത മാലിന്യസംസ്കരണത്തെക്കുറിച്ച് കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന ചർച്ച
കൊച്ചി : കോർപ്പറേഷൻ നടപ്പാക്കുന്ന വികേന്ദ്രീകൃതവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണം പരിചയപ്പെടുത്തുന്നതിനായി നഗരത്തിലെ വിവിധ സംഘടനകളുമായുള്ള ചർച്ചകൾ ആരംഭിച്ചു. പുതിയ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച റസിഡൻറ്സ് അസോസിയേഷനുകളുടെ അപ്പെക്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചിരുന്നു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് മുഖ്യാതിഥിയായിരുന്ന സെമിനാറിൽ പ്രൊഫ. പി.കെ. രവീന്ദ്രൻ, ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ കൃഷ്ണദാസ്, ഡോ. കൊച്ചുബേബി മാഞ്ഞൂരാൻ എന്നിവരുടെ അവതരണങ്ങൾ ഉണ്ടായി.
കൊച്ചി നഗരസഭ മുന്നോട്ടുവെയ്ക്കുന്ന മാലിന്യ സംസ്കരണ പരിപാടികളുമായി സഹകരിക്കുവാൻ യോഗങ്ങളിൽ പങ്കെടുത്തവർ ഏവരും തയ്യാറായി.
നഗരസഭയുടെ പ്രവർത്തന കലണ്ടർ പ്രകാരം പ്രവർത്തിക്കുവാനും വികേന്ദ്രീകൃതമാലിന്യ സംസ്കരണം ഫലപ്രദമായി നടത്തുവാനുമുള്ള സന്നദ്ധത സംഘടനകൾ അറിയിച്ചു. സംഘടനകളുമായുള്ള ചർച്ചകൾ തുടരും.
ശനിയാഴ്ച മുതൽ തന്നെ കൊച്ചി നഗരസഭയുടെ മാലിന്യ സംസ്കരണ പരിപാടികൾക്ക് ജനപിന്തുണ അഭ്യർഥിച്ചുകൊണ്ടുള്ള ഭവനസന്ദർശനങ്ങൾ ആരംഭിക്കും.
മാലിന്യം തരംതിരിക്കുന്നതിന്‍റെയും ശാസ്ത്രീയമായി സംസ്കരിക്കുന്നതിന്‍റെയും പ്രാധാന്യം വീടുകളിൽ വിശദീകരിക്കും.
കൗൺസിലർമാർ, നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, എൻ.എസ്.എസ്. വൊളന്റിയർമാർ, റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..