കൊച്ചി : നഗരത്തിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നടക്കുമ്പോൾ അതിനു സമയംപാഴാക്കാതെ നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കുക എന്ന പൗരധർമം നിറവേറ്റുകയാണ് വേണ്ടതെന്ന് നഗരസഭാ മേയർ അനിൽകുമാർ പറഞ്ഞു.
മാലിന്യസംസ്കരണം സംബന്ധിച്ച പുതിയ സംവിധാനത്തെ കുറിച്ച് ചർച്ച ചെയ്യാനായി വ്യാപാരികളുമായി കെ.എം.സി.സി. കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മേലിൽ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുവാനാവില്ലന്നും അത് ശേഖരിക്കാനായി ക്ലീൻ കേരള മിഷനുമായി സഹകരിച്ച് സംവിധാനം ഉണ്ടാക്കുമെന്നും ജൈവമാലിന്യങ്ങൾ സ്വയം സംസ്കരിക്കാനുള്ള ബയോ ബിന്നുകൾ വീടുകളിലോ, സ്ഥാപനങ്ങളിലോ സ്ഥാപിക്കുകയാണെങ്കിൽ അതു വളരെ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ജൈവമാലിന്യങ്ങൾ മാത്രമേ ഇനി ശേഖരിക്കുകയുള്ളൂവെന്നും പറഞ്ഞു. നഗരം ശുചിയായി സൂക്ഷിക്കുന്നതിൽ വളരെ പ്രധാന പങ്ക് വ്യാപാരികൾക്കുണ്ടെന്നും നഗരത്തിന്റെ മാറ്റത്തിന് മുൻകൈ എടുക്കേണ്ടത് വ്യാപാരികൾ ആണെന്നും നഗരത്തിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻകഴിഞ്ഞാൽ മാത്രമേ വ്യാപാരം വികസിക്കുകയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരസഭയുടെ സംവിധാനങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും വ്യാപാരികളിൽനിന്ന് ഉണ്ടാകുമെന്ന് സംഘടനാ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ ഉറപ്പ് നൽകി. ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ, നഗരസഭാ അഡീഷണൽ സെക്രട്ടറി പി.വി. ഷിബു എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..