• കാക്കനാട്-കൊല്ലംകുടിമുകൾ റോഡരികിലെ പാടം നികത്തുന്നു
കാക്കനാട് : ആദ്യം നിർമാണ സൈറ്റിലെ കുറച്ച് കോൺക്രീറ്റ് അവശിഷ്ടം കൊണ്ടുവന്നിടും. കുറച്ച് ദിവസം കഴിഞ്ഞ് ഇതിനു മുകളിൽ അൽപ്പം മണ്ണിടും. പിന്നീട് കണ്ണടയ്ക്കുന്ന വേഗത്തിലാണ് ഫില്ലിങ്. തണ്ണീർത്തടങ്ങളും പാടങ്ങളും ഭൂമാഫിയ നികത്തുന്ന രീതിയാണിത്. ഇതൊക്കെ ഉദ്യോഗസ്ഥർക്കും വിവിധ രാഷ്ട്രീയ നേതൃത്വത്തിനും അറിയാമെങ്കിലും അവരെയാക്കെ കാണേണ്ട വിധത്തിൽ കണ്ടാൽ ഒരു കുഴപ്പവുമില്ല. ഇതിനിടെ നാട്ടുകാരിൽ ആരെങ്കിലും പരാതിയുമായി വന്നാൽ ഒരു സ്‌റ്റോപ്പ് മെമ്മോ നൽകും.
പാടം നികത്തലിന് നേതൃത്വം നൽകുന്നത് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും. കടുത്ത വേനലിലും ജില്ലാ ആസ്ഥാനത്തെ പാടം നികത്തൽ ഈ രീതിയിൽ തകൃതിയായി തുടരുകയാണ്.
തൃക്കാക്കര മുൻസിപ്പൽ ഗ്രൗണ്ടിന് താഴെ കാക്കനാട്-കൊല്ലംകുടിമുകൾ റോഡരികിലെ പാടമാണ് വീട് നിർമാണത്തിന്റെ പേരുപറഞ്ഞു നികത്തുന്നത്.
രാത്രിയുടെ മറവിൽ മണ്ണ് എത്തിച്ചാണ് ഭൂമാഫിയയുടെ പണി. തെങ്ങോട് ജങ്ഷന് സമീപം ഏക്കറുകണക്കിന് പാടമാണ് നികത്തുന്നത്. സമീപത്തെ കുന്നിടിച്ചാണ് ഇവിടെ പാടം നികത്തുന്നത്. ആരെങ്കിലും പ്രതിഷേധമായോ പരാതിയുമായോ വന്നാൽ തത്കാലം നിർത്തും.
വില്ലേജ് അധികൃതർക്ക് പരാതി ലഭിച്ചാൽ ഉടനെ സ്റ്റോപ്പ് മെമ്മോ നൽകും. പിന്നീട് തുടർനടപടികൾ സ്വീകരിക്കാൻ സബ് കളക്ടർക്ക് റിപ്പോർട്ട് നൽകും. എന്നാൽ, അവിടേക്ക് അയക്കുന്ന ഫയലിനു മുകളിൽ തുടർനടപടികളുണ്ടാകാറില്ലെന്നാണ് ആക്ഷേപം. നേരാംവണ്ണം തുടർ നടപടികളില്ലാത്തതു മുതലാക്കിയാണ് പലരും പാടം മണ്ണിട്ടു നികത്തുന്നത്.
തൃക്കാക്കരയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് കൊല്ലംകുടിമുകൾ, തെങ്ങോട് മേഖലകൾ. ഇവിടെയാണ് പാടം നികത്തുന്നത്. ജില്ലാ ഭരണാസിരാകേന്ദ്രമായ സിവിൽ സ്റ്റേഷന് വിളിപ്പാടകലെയാണ് ഈ മണ്ണടിക്കൽ.
നികത്തലും കുന്നിടിക്കലും ഏറ്റവും കൂടുതൽ നടക്കുന്ന സമയമാണിതെങ്കിലും ഒരിടത്തും കാര്യമായ പരിശോധനകൾ നടക്കുന്നില്ല.
ഈ അവസരം മുതലെടുത്ത് പരമാവധി സ്ഥലങ്ങൾ മണ്ണിട്ട് നികത്താനുള്ള ശ്രമത്തിലാണ് സ്ഥലക്കച്ചവടക്കാർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..