കൊച്ചി : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണന മേള ഏപ്രിൽ ഒന്നുമുതൽ എട്ടു വരെ കൊച്ചിയിൽ നടത്തും. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്നതാണ് മേളയുടെ പ്രമേയമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
മറ്റു ജില്ലകളിലും മേള സംഘടിപ്പിക്കും. ഏപ്രിൽ ഒന്നിന് വൈകീട്ട് ഏഴിന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശനം, എം.എസ്.എം.ഇ. യൂണിറ്റുകൾ, കുടുംബശ്രീ, സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവ അണിനിരക്കുന്ന വിപണന മേള, ബി ടു ബി മീറ്റ്, പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകൾ, സാങ്കേതിക പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവ പ്രദർശനത്തിലുണ്ടാകും. എല്ലാ ദിവസവും വൈകീട്ട് സാംസ്കാരിക പരിപാടികളുണ്ടായിരിക്കും. ഏപ്രിൽ ഏഴ് ഒഴികെ എല്ലാ ദിവസവും സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും.
ആധാർ രജിസ്ട്രേഷനും റേഷൻ കാർഡിലെ തിരുത്തലും
: ആധാർ രജിസ്‌ട്രേഷൻ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തത്സമയം അക്ഷയയുടെ പവിലിയനിൽ ലഭിക്കും. റേഷൻ കാർഡ് സംബന്ധമായ പ്രശ്നങ്ങൾ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളിൽ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായി റവന്യൂ വകുപ്പിന്റെ സ്റ്റാളുമുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..