ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ ചിറയിൽ റോഡിന് സമീപത്തെ ഒഴിഞ്ഞപറമ്പിലുണ്ടായ തീപ്പിടിത്തം
കാക്കനാട് : ചിറ്റേത്തുകര-ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ ചിറയിൽ റോഡിന് സമീപം പറമ്പിൽ കൂട്ടിയിട്ട കേബിളിൽനിന്നു തുടങ്ങിയ തീ പ്രദേശമാകെ പടർന്നു. സമീപത്തെ ഒഴിഞ്ഞ അഞ്ച് പറമ്പുകളിലും തീപിടിച്ചു. ഒടുവിൽ തൃക്കാക്കര അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.
ഒഴിഞ്ഞപറമ്പിൽ വിവിധ ടെലികോം കമ്പനികളുടെ കേബിളുകൾ കൂട്ടിയിട്ടിരുന്നു. ഇതിനാണ് ആദ്യം തീപിടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. മിനിറ്റുകൾക്കകം തീ ഉണങ്ങിയ പുല്ലിലേക്ക് പടർന്ന് സമീപത്തെ പറമ്പുകളിലേക്കും വ്യാപിക്കുകയായിരുന്നു. ആളുകൾ താമസിക്കുന്ന മേഖലയിലെ പറമ്പിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
തൃക്കാക്കരയിൽ ദിവസേന അഞ്ചു മുതൽ പത്തിടങ്ങളിൽവരെ ചെറുതും വലുതുമായ തീപ്പിടിത്തമുണ്ടാകുന്നുണ്ട്. ചില ദിവസങ്ങളിൽ ഇതിന്റെ ഇരട്ടിയാവും. ബ്രഹ്മപുരം തീപ്പിടിത്തം കൂടാതെ, കളമശ്ശേരി എച്ച്.എം.ടി., കിൻഫ്ര, സീപോർട്ട്-എയർപോർട്ട് റോഡരിക്, സ്മാർട്ട് സിറ്റി പ്രദേശം തുടങ്ങിയ മേഖലകളിൽ ഈ മാസം പല തവണയാണ് പുല്ലിനും റബ്ബർത്തോട്ടത്തിലുമായി തീപിടിച്ചത്. വ്യവസായകേന്ദ്രങ്ങൾക്കുപോലും ഭീഷണിയാവുന്ന തരത്തിൽ തീ ഉയരുമ്പോൾ കൃത്യസമയത്ത് എത്താൻകഴിയാതെ അഗ്നിരക്ഷാ സേന കഷ്ടപ്പെടുന്നു.
പലപ്പോഴും അശ്രദ്ധമൂലമാണ് തീയുണ്ടാകുന്നത്. വേനലാകുമ്പോൾ നാട്ടുകാർ ചേർന്ന് റോഡരികിലുള്ള പുല്ലും മറ്റും കത്തിച്ചുകളയാറുണ്ടായിരുന്നു. എന്നാലിപ്പോൾ പല സ്ഥലങ്ങളിലും റോഡിനോടു ചേർന്നുതന്നെ കാടുകയറിയിരിക്കുന്നു.
ചിലയിടങ്ങളിൽ നാട്ടുകാർ പ്രദേശത്ത് തീയിടുകയും അവർക്ക് നിയന്ത്രിക്കാൻകഴിയാതെ വരുമ്പോൾ വിളിക്കുകയുമാണെന്ന് ഫയർഫോഴ്‌സ് ജീവനക്കാർ പറയുന്നു. അപകടം നടന്ന് ഉടനടി സ്ഥലത്തെത്തേണ്ടവരാണെങ്കിലും കാര്യക്ഷമതയില്ലാത്ത വാഹനങ്ങളും ഉപകരണങ്ങളുമായി മല്ലടിക്കേണ്ടിവരുന്നതാണ് പലപ്പോഴും പ്രവർത്തനത്തെ താളംതെറ്റിക്കുന്നത്. ഒപ്പം ജീവനക്കാരുടെ കുറവും പ്രവർത്തനം മന്ദഗതിയിലാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..