കാക്കനാട് : ഓട്ടോറിക്ഷാ ഡ്രൈവർമാരെ കളക്ടറേറ്റിലേക്ക് ഓട്ടംവിളിച്ച ശേഷം അവരുടെ െെകയിൽനിന്ന് പണംവാങ്ങി മുങ്ങുന്ന യാത്രക്കാരൻ കള്ളന് ഒടുവിൽ പിടിവീണു. കളക്ടറേറ്റിലെ സുരക്ഷാ ജീവനക്കാരാണ് തട്ടിപ്പുകാരനെ തന്ത്രപരമായി െെകയോടെ പിടികൂടി പോലീസിന് കൈമാറിയത്. ഇയാളുടെ പ്രായം 60-ന് മുകളിലായതിനാൽ കാര്യമായ അന്വേഷണംപോലും നടത്താതെ തൃക്കാക്കര പോലീസ് വെറുതേവിട്ടു. ഇയാളാൽ ചതിക്കപ്പെട്ട ഓട്ടോ ഡ്രൈവർ അങ്കമാലി പോലീസുമായി തൃക്കാക്കരയിൽ എത്തിയെങ്കിലും അവരും നിയമനടപടി സ്വീകരിച്ചില്ല. ‘പ്രായംകൂടിയ’ കള്ളനെതിരേ ഓട്ടോ ഡ്രൈവർ പരാതി നൽകിയില്ലെന്നാണ് പോലീസ് വാദം. ഇയാൾ കളക്ടറേറ്റിലേക്ക് ഓട്ടംവിളിച്ച് 13 പേരെയാണ് കബളിപ്പിച്ചത്. ബുധനാഴ്ച ആലുവയിൽനിന്ന് ഓട്ടംവിളിച്ച ഓട്ടോ ഡ്രൈവറെ കബളിപ്പിച്ച് രക്ഷപ്പെടുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണിൽ ഇയാൾ പെട്ടത്.
ആലുവ രാജഗിരി ആശുപത്രിക്ക് സമീപം താമസിക്കുന്ന ബിജു ഏലിയാസിന്റെ ഓട്ടോയിലാണ് വയോധികൻ ബുധനാഴ്ച കയറിയത്. കളക്ടറേറ്റിലെത്തി ഓട്ടോ ഡ്രൈവറോട് തനിക്ക് 750 രൂപ ഉണ്ടങ്കിൽ തരാൻ ആവശ്യപ്പെട്ടു. എ.ടി.എമ്മിൽ നിന്നും എടുത്തുതരാമെന്നും പറഞ്ഞു. ബിജു രാവിലെ മുതൽ ഓടിക്കിട്ടിയ പണമൊക്കെ ചേർത്ത് 750 രൂപ കൊടുത്തു. ഒരുമണിക്കൂർ കാത്തിരുന്നിട്ടും കാണാതായതോടെ കളക്ടറേറ്റിൽ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വയോധികനെ സുരക്ഷാ ജീവനക്കാർ പിടികൂടി കസേരയിൽ ഇരുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ചോദ്യംചെയ്തപ്പോഴാണ് ബിജുവിനോട് ഇയാളുടെ തട്ടിപ്പ് പരമ്പരയെക്കുറിച്ച് സുരക്ഷാ ജീവനക്കാർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..