കാക്കനാട് : തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കടുത്ത വാക്കേറ്റം. ഒടുവിൽ തർക്കം തല്ലിലേക്ക് വഴിവെയ്ക്കുമെന്നു തോന്നിയ സാഹചര്യത്തിൽ ചില അജൻഡകൾ ഒഴിവാക്കി ബാക്കിയുള്ളവ പാസാക്കിയതായി പ്രഖ്യാപിച്ച് പതിവുപോലെ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ കൗൺസിൽ യോഗം പിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാടാ, പോടാ വിളികൾ വരെയായി തർക്കത്തിലായത്.
നഗരസഭയിലെ രണ്ടാം വാർഡിലെ അങ്കണവാടിയുടെ രണ്ടാംനിലയിൽ പകൽവീടും വാർഡ്സഭാ കേന്ദ്രവും നടത്താൻ അനുമതി ആവശ്യപ്പെട്ടുള്ള അജൻഡ വായിച്ചപ്പോഴായിരുന്നു ബഹളം. ഈ വിഷയത്തിൽ നിരവധി പരാതികളുണ്ടെന്നും ഇത് മാറ്റിവയ്ക്കണമെന്നും ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതോടെ വാർഡ് കൗൺസിലറും സി.പി.എം. അംഗവുമായ അജുന ഹാഷിം രംഗത്തെത്തി. ഇവർക്ക് പിന്തുണയുമായി മറ്റ് എൽ.ഡി.എഫ്. അംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി. ഇവരെ പ്രതിരോധിച്ച് യു.ഡി.എഫ്. അംഗങ്ങളും രംഗത്തെത്തിയതോടെ ബഹളം രൂക്ഷമായി.
പ്രായമായവർക്ക് രണ്ടാംനിലയിൽ പകൽവീടിന് അനുമതി ചോദിച്ചത് ദുരുദ്ദേശ്യമാണെന്നും അങ്കണവാടിക്കുള്ളിൽ അനധികൃത നിർമാണവും നടക്കുന്നുണ്ടെന്നും ഭരണകക്ഷി അംഗങ്ങൾ ആരോപിച്ചു. കൂടാതെ രണ്ടുനിലയും അങ്കണവാടിയുടെ പേരിലാണ് നിർമിച്ചിട്ടുള്ളതെന്നും പകൽവീടിന്റെ പേരിൽ ഫണ്ട് തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്നും യു.ഡി.എഫ്. അംഗങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ, നഗരസഭയിലെ അഴിമതി ചൂണ്ടിക്കാട്ടുന്നതിലുള്ള വിരോധംകൊണ്ടാണ് തന്റെ വാർഡിലെ ജോലികൾ മാറ്റിവയ്ക്കുന്നതെന്ന് അജുന ഹാഷിം പറഞ്ഞു.
ഒരു കാരണവുമില്ലാതെയാണ് പകൽവീടും വാർഡ്സഭാ കേന്ദ്രവും നടത്താൻ അനുമതി നിഷേധിക്കുന്നത്. ഇതിനെതിരേ വരും ദിവസങ്ങളിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ്. അംഗങ്ങളും വ്യക്തമാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..