Caption
കാക്കനാട് : മെട്രോ കാക്കനാട് റൂട്ടിലെ അവസാനത്തെ മെട്രോ സ്റ്റേഷൻ പുനഃക്രമീകരിച്ചതിന് പിന്നാലെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. ഇൻഫോപാർക്കിന് പുറത്തുണ്ടായ മെട്രോ സ്റ്റേഷൻ അകത്തേക്ക് മാറ്റിയാണ് ആദ്യം പുനഃക്രമീകരിച്ചത്. പിന്നാലെ ജനപ്രതിനിധികളുടെ പ്രതിഷേധം ഉയർന്നതോടെ ഇൻഫോപാർക്ക് വളപ്പിലെ സ്റ്റേഷൻ പുറത്തേക്കുമാറ്റി പ്രശ്നം പരിഹരിക്കുകയായിരുന്നു.
വ്യാഴാഴ്ച തൃക്കാക്കര നഗരസഭയിലാണ് കാക്കനാട് മെട്രോ റൂട്ടിലെ അലൈൻമെന്റ് മാറ്റം സംബന്ധിച്ച ചർച്ചയും തീരുമാനവുമുണ്ടായത്. ചെയർപേഴ്സൺ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ കെ.എം.ആർ.എൽ. അധികൃതരുമായി നടത്തിയ ചർച്ചയിൽ മെട്രോ കടന്നുപോകുന്ന ഭാഗത്തെ കൗൺസിലർമാർ നിരവധി ആശങ്കകളും ഉന്നയിച്ചു.
കാക്കനാട് മെട്രോയുടെ ആദ്യ അലൈൻമെന്റ് പ്രകാരം ഇടച്ചിറ പാലത്തിനും കാർണിവൽ ഇൻഫോപാർക്കിനും സമീപത്താണ് അവസാന മെട്രോ സ്റ്റേഷൻ നിർണയിച്ചിരുന്നത്. എന്നാൽ, അലൈൻമെന്റിൽ മാറ്റം വരുത്തിയതോടെ ഈ മെട്രോ സ്റ്റേഷൻ ഇൻഫോപാർക്ക് വളപ്പിനുള്ളിലേക്ക് മാറ്റി.
ഈ അലൈൻമെന്റിനെതിരേ പ്രതിഷേധവുമായി തൃക്കാക്കര നഗരസഭ രംഗത്തെത്തി. ഇൻഫോപാർക്കിലേക്ക് പൊതുജനങ്ങൾക്ക് കയറാൻ ബുദ്ധിമുട്ടാകുമെന്നും അതുകൊണ്ട് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ സ്റ്റേഷൻ മാറ്റിസ്ഥാപിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതോടെ ബ്രഹ്മപുരം-ഇൻഫോപാർക്ക് റോഡിലേക്ക് സ്റ്റേഷൻ മാറ്റിസ്ഥാപിക്കാമെന്ന് അധികൃതർ പറഞ്ഞു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മാതൃകയിൽ സമാന്തരറോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന നിർദേശവും നഗരസഭ മുന്നോട്ടുവെച്ചു. മെട്രോയ്ക്ക് സ്വന്തം നിലയിൽ റോഡ് നവീകരണത്തിന് പണമില്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യമായാൽ ഉടൻ റോഡുപണി ചെയ്യാമെന്നും അധികൃതർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..