തൃക്കാക്കരയിൽ ജൈവമാലിന്യം സ്വകാര്യഏജൻസിക്ക്


2 min read
Read later
Print
Share

കാക്കനാട് : വീടുകളിലും റോഡുകളിലും കുന്നുകൂടിക്കിടന്ന് ചീഞ്ഞളിഞ്ഞ ജൈവമാലിന്യം സ്വകാര്യ ഏജൻസിക്ക് നൽകാൻ ഒടുവിൽ തീരുമാനം.

മാലിന്യം ശേഖരിക്കുന്ന ഏജൻസി അധികൃതരുമായി തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പ്രാഥമിക ചർച്ച നടത്തി. ഒരുകിലോ മാലിന്യം 3.50 പൈസയ്ക്ക് നൽകാനാണ് ചർച്ചയിൽ ധാരണയായിട്ടുള്ളത്. അടുത്തദിവസം അടിയന്തര കൗൺസിൽ യോഗം ചേർന്ന് അന്തിമ അനുമതി നൽകിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

അതിനിടെ തൃക്കാക്കരയിലെ ജൈവമാലിന്യം നീക്കാൻ സ്വകാര്യ ഏജൻസിയെ ഏല്പിക്കുന്നതിന് ടെൻഡർ ഒഴിവാക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. അടിയന്തര സാഹചര്യം പരിഗണിച്ച് ദുരന്തനിവാരണ നിയമം പ്രയോഗിച്ചാണ് അനുമതി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബയോ ബിന്നുകൾ നൽകി തൃക്കാക്കരയിൽ ഉറവിടമാലിന്യ സംസ്കരണം നടപ്പാക്കാനുള്ള നഗരസഭയുടെ ശ്രമം പാളിയതോടെ ജൈവ മാലിന്യം വീടുകളിൽ കുന്നുകൂടാൻ തുടങ്ങി. ചിലർക്കാണെങ്കിൽ ബയോബിന്നുകൾ കൃത്യമായി ലഭിക്കാതായോടെ റോഡരികിൽ മാലിന്യം തള്ളി.

ഒടുവിൽ പൊറുതിമുട്ടിയ നഗരസഭാ ഭരണസമിതി തങ്ങളുടെ ജൈവ മാലിന്യം കൂടി മുൻപത്തെപോലെ കൊച്ചി കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ കുറച്ച് നാളത്തേക്ക് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് കത്ത് നൽകി.

ഈ ആവശ്യം കോർപ്പറേഷൻ പരിഗണിക്കാത്തതിനാൽ തൃക്കാക്കര നഗരസഭയിലൂടെ കടന്നുപോകുന്ന കോർപ്പറേഷൻ മാലിന്യ വണ്ടികൾ നഗരസഭാ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ തടഞ്ഞിട്ടു. ഇത് വിവാദമായതോടെ മന്ത്രി എം.ബി. രാജേഷും വിഷയത്തിൽ ഇടപ്പെട്ടു. തൃക്കാക്കരയുടെ മാലിന്യം കോർപ്പറേഷൻ സ്വീകരിക്കില്ലെന്ന് തുടർന്നുനടന്ന ചർച്ചയിൽ മന്ത്രിയും വ്യക്തമാക്കി.

തൃക്കാക്കരയുടെ ജൈവമാലിന്യം കൊണ്ടുപോകാൻ സ്വകാര്യ ഏജൻസിയെ കണ്ടെത്തുന്നതിന് ടെൻഡർ ക്ഷണിക്കുന്നതിനും മറ്റും കാലതാമസമുണ്ടാകുമെന്നും അതുവരെയെങ്കിലും ബ്രഹ്മപുരത്ത് മാലിന്യം ഇടാൻ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസത്തെ യോഗത്തിൽ നഗരസഭ ആവർത്തിച്ചെങ്കിലും മന്ത്രി അംഗീകരിച്ചില്ല.

ശനിയാഴ്ച ഇക്കാര്യം ഉൾപ്പെടെ ചർച്ചചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുടെ ഓൺലൈൻ യോഗം ചേരാമെന്ന് അറിയിച്ചു. എന്നാൽ മന്ത്രിമാരായ എം.ബി. രാജേഷുംപി. രാജീവും നടത്തിയ ചർച്ചയിൽ, തൃക്കാക്കരയുടെ ജൈവ മാലിന്യം ടെൻഡർ ക്ഷണിച്ച് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാനായി ടെൻഡറില്ലാതെ നൽകാൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇക്കാര്യം നഗരസഭാ ചെയർപേഴ്‌സനെ കളക്ടർ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.

രാഷ്ട്രീയ പകപോക്കൽ-ചെയർപേഴ്‌സൺ

:ശനിയാഴ്ച ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും സ്പെഷ്യൽ ഓൺലൈൻ യോഗം ചേരാമെന്ന് ഉറപ്പുനൽകിയ മന്ത്രി എം.ബി. രാജേഷ് തങ്ങളെ കബിളിപ്പിച്ചെന്ന ആരോപണവുമായി തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ.

മുന്നറിയിപ്പില്ലാതെ യോഗം മാറ്റിവെച്ച മന്ത്രി കോർപ്പറേഷന്റെ ഭാഗം മാത്രംകേട്ട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്. പ്രശ്നപരിഹാരത്തിന് കളക്ടറെ ചുമതലപ്പെടുത്തുകയാണ് ഉണ്ടായത്.

ജൈവമാലിന്യ ശേഖരണത്തിന് ടെൻഡറില്ലാതെ ഏജൻസിയെ ചുമതലപ്പെടുത്തുന്നതിന് കളക്ടർ അനുമതി നൽകിയാലും പിന്നീട് ഓഡിറ്റ് പ്രശ്നമുണ്ടാകും. ഇത് കുറച്ച് നാളത്തേക്കല്ലെന്നും സ്ഥിരം സംവിധാനമായിട്ടാണ് ഒരു ഏജൻസിക്ക് ജൈവമാലിന്യം കൈമാറുന്നതെന്നും അവർ പറഞ്ഞു. ജൈവമാലിന്യം നീക്കാൻ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ കളക്ടർ

തൃക്കാക്കരയിൽ 20 ടൺ മാലിന്യം

:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തിന് മുന്നേ തൃക്കാക്കര നഗരസഭയിൽ പ്രതിദിനം ഉണ്ടായിരുന്നത് 20 ടൺ ജൈവമാലിന്യം. വീടുകൾ, ഫ്ളാറ്റുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽനിന്ന് നഗരസഭ കരാർ ശുചീകരണ തൊഴിലാളികളും ഹരിതകർമസേനയും ചേർന്നാണ് ഇത്രയും മാലിന്യം വാഹനങ്ങളിൽ ശേഖരിച്ചിരുന്നത്. ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്ന് ഉറവിട മാലിന്യ സംസ്കരണം ശക്തിപ്പെടുത്താൻ സർക്കാർ നിർദേശിച്ചു. ഇതിന്റെ ഭാഗമായി നഗരസഭ ബയോ ബിന്നുകൾ നൽകി മാലിന്യം സംഭരിക്കുന്നത് നിർത്തി. ഒരു വിഭാഗം ഫ്ളാറ്റുകളും വീടുകളും ഹോട്ടലുകാരും സ്വന്തംനിലയിൽ മാലിന്യ സംസ്കരണം ആരംഭിച്ചെങ്കിലും ഉറവിട സംസ്കരണ പദ്ധതി വിജയകരമായില്ല. എന്നാൽ ഒരുവിഭാഗം പേർ ഉറവിട സംസ്കരണം തുടങ്ങിയത് നഗരസഭയ്ക്ക് ആശ്വാസമായി. ഇനി സ്വകാര്യ ഏജൻസിക്ക് ജൈവമാലിന്യം നൽകുമ്പോൾ നേരത്തേയുണ്ടായിരുന്ന 20 ടൺ മാലിന്യം ദൈനംദിനം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് നഗരസഭ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..