കാക്കനാട് : ഭക്ഷണം കഴിച്ചശേഷം ബാക്കിയാവുന്ന മാലിന്യമിടാൻ ആദ്യം ബയോബിൻ ഉണ്ടായിരുന്നു, പുഴുവരിച്ചും മറ്റും ഉപയോഗശൂന്യമായതോടെ മാലിന്യബക്കറ്റ് ആ സ്ഥാനത്തു വെച്ചു. ഇപ്പോഴതും ജില്ലാ ശുചിത്വമിഷന്റെ നിർദേശപ്രകാരം സുരക്ഷാ ജീവനക്കാർ എടുത്തുമാറ്റിയിരിക്കുന്നു.
ഇതോടെ വെട്ടിലായത് കളക്ടറേറ്റിൽ നിത്യേന വീട്ടിൽനിന്നു ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്ന ജീവനക്കാരാണ്. കഴിച്ചുകഴിഞ്ഞു പാത്രത്തിൽ ബാക്കിയാവുന്ന മാലിന്യമിടാൻ വഴിയില്ലാത്തതിനാൽ പലരും വീട്ടിൽനിന്നു കൊണ്ടുവരുന്ന പതിവുതന്നെ നിർത്തി. മറ്റു ചിലർ ഹോട്ടലിലേക്ക് കൂടുമാറി. കഴിഞ്ഞ ദിവസമാണ് സിവിൽ സ്‌റ്റേഷനിലെ ഓഫീസുകളിലെ ജീവനക്കാർ സൂക്ഷിച്ചിരുന്ന മാലിന്യബക്കറ്റുകൾ സുരക്ഷാജീവനക്കാർ എടുത്തു കളഞ്ഞത്. ശുചിത്വമിഷൻ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇത്.
ഇതോടെ ഭക്ഷണം കൊണ്ടുവന്നാലും ബാക്കിയുള്ള അവശിഷ്ടം എന്തു ചെയ്യുമെന്നത് ചോദ്യചിഹ്നമായി.
ടാപ്പിനടുത്തോ മറ്റോ ഇടാനുള്ള സൗകര്യമില്ല. ചോറ്് പൊതിഞ്ഞ ഇലയും മറ്റും തിരികെ കൊണ്ടുപോവണമെന്നു വെച്ചാൽ ദുർഗന്ധം വില്ലനാവും. പലരും ഏറെ വൈകി വീട്ടിലെത്തി പാത്രം തുറക്കുമ്പോഴേക്ക് കടുത്ത ദുർഗന്ധം പരന്നിട്ടുണ്ടാവും. ഇതെല്ലാം ആലോചിച്ചാണ് പലരും താത്പര്യമില്ലാഞ്ഞിട്ടും ഹോട്ടലുകളെ ആശ്രയിക്കാൻ തുടങ്ങിയതെന്ന് ജീവനക്കാർ പറയുന്നു. നൂറുകണക്കിന് ജീവനക്കാരുള്ള സിവിൽ സ്റ്റേഷനിൽ ചെറിയ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും അതുവരെ മുൻപത്തേതുപോലെ ബക്കറ്റോ അല്ലെങ്കിൽ ബദൽ സംവിധാനമോ ഒരുക്കണമെന്നുമാണ് ആവശ്യം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..