കാക്കനാട് : ഇലക്‌ട്രിക് സ്കൂട്ടറിന് അനുവദിക്കപ്പെട്ട വേഗപരിധി 25 കി.മീ. എന്നാൽ, സൂത്രപ്പണിയിലൂടെ കച്ചവടക്കാർ ക്രമീകരിക്കുന്ന വേഗം അതിലുമേറെ. മഫ്തിയിലെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഒരു ഷോറൂമിലെ തട്ടിപ്പ് നേരിട്ട് കണ്ടറിഞ്ഞു. പിന്നാലെ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും സംഘവും ഷോറൂമിലെത്തി. തട്ടിപ്പ് െെകയോടെ ബോധ്യപ്പെട്ടതോടെ ഷോറൂം പൂട്ടാനുള്ള നോട്ടീസ് നൽകാൻ കമ്മിഷണർ എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണന് നിർദേശം നൽകി.
എസ്.എസ്.എൽ.സി. പരീക്ഷജയിച്ച മകൾക്ക് സമ്മാനമായി ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങാനെത്തിയ രക്ഷിതാവായാണ് വെഹിക്കിൾ ഇൻസ്പെക്ടർ ഷോറൂമിൽ എത്തിയത്. വണ്ടി ട്രയൽറൺ നടത്തിയപ്പോൾ വേഗം 25 കിലോമീറ്ററിന് താഴെ. “സ്പീഡ് കുറവാണല്ലോ" എന്ന ചോദ്യത്തിന് അത് കൂട്ടാം, സൂത്രപ്പണി ചെയ്താൽ മതി" എന്നായിരുന്നു മറുപടി.
വണ്ടിയിൽ 'എന്തോ' ചെയ്ത് ഓടിച്ചപ്പോൾ വേഗം 35 കിലോമീറ്റായി ഉയർന്നു. ഇതിനുപിന്നാലെയാണ് വെഹിക്കിൾ ഇൻസ്പെക്ടർ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. 250 വാട്ട് ഇലക്‌ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർകൂട്ടി വിൽപ്പന നടത്തുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഷോറൂമിൽ ഗതാഗതവകുപ്പിന്റെ ഉന്നതസംഘം മിന്നൽ പരിശോധന നടത്തിയത്. ഇതു നേരിൽക്കണ്ട് ബോധ്യപ്പെടാൻ മഫ്തിയിൽ സ്കൂട്ടർ വാങ്ങാൻ ഉദ്യോഗസ്ഥനെ വിട്ടു. കസ്റ്റഡിയിലെടുത്ത് റോഡിൽ ഓടിച്ച ഇലക്‌ട്രിക് സ്കൂട്ടറുകളുടെ വേഗം ഇന്റർസെപ്റ്റർ വാഹനത്തിലെ റഡാറിൽ പരിശോധിച്ചപ്പോഴാണ് 35 മുതൽ 45 കിലോമീറ്റർ വരെ ഉള്ളതായി കണ്ടെത്തിയത്.
പരിശോധന നടത്തിയ കൊച്ചിയിലെ രണ്ട് ഷോറുമുകളിലും വിൽപ്പനയ്ക്ക് െവച്ചിരിക്കുന്ന വാഹനങ്ങളിൽ കൃത്രിമം നടത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് സംസ്ഥാനവ്യാപകമായി പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച ചില ജില്ലകളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഇലക്‌ട്രിക് സ്കൂട്ടറിൽ കൃത്രിമം കണ്ടെത്തിയിട്ടുണ്ടന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ പറഞ്ഞു. നിർമാണംമുതൽ വിൽപ്പന വരെയുള്ള ഏത് ഘട്ടത്തിലാണ് വാഹനങ്ങളിൽ കൃത്രിമം വരുത്തിയതെന്ന് കണ്ടെത്താൻ പോലീസ് സഹായത്തോടെ അന്വേഷണം നടത്തുമെന്നും കമ്മിഷണർ വ്യക്തമാക്കി.
സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ, എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ.ആർ. രാജേഷ്, റെജി വർഗീസ്, എൻ. വിനോദ് കുമാർ, അസി. വെഹിക്കിൾ ഇൻസ്പെക്ടർമാർ തുടങ്ങിയവരും കമ്മിഷണർക്കൊപ്പമുണ്ടായിരുന്നു.
'ഈ' സ്കൂട്ടറിന് രജിസ്‌ട്രേഷൻ, ലൈസൻസ്, ഹെൽമെറ്റ് വേണ്ട
കാക്കനാട്: ആർ.ടി. ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ട, ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല, ഹെൽമെറ്റ് വേണ്ട, റോഡ് ടാക്സ് ഉൾപ്പെടെ ഒന്നും അടയ്ക്കേണ്ട. 250 വാട്ടുള്ള ഇലക്‌ട്രിക് സ്കൂട്ടറുകൾക്ക് സർക്കാർ നൽകിയ ഇളവുകളാണിത്.
പക്ഷേ, ഈ വാഹനങ്ങളിലെ ഉയർന്ന വേഗം 25 കിലോമീറ്റർ മാത്രമായിരിക്കണം. എന്നാൽ, നിറയെ ആനുകൂല്യങ്ങൾ വാങ്ങിയിട്ട് ഡീലർമാർ ഇലക്‌ട്രിക് സ്കൂട്ടർ വിറ്റിരുന്നത് സാധാരണ ഒരു സ്കൂട്ടർ ഓടിക്കുന്ന മിനിമം വേഗമായ 40 കിലോമീറ്ററിൽ ഇത് ഓടിക്കാമെന്നു പറഞ്ഞായിരുന്നു. ഇതിന് തെളിവാണ് തങ്ങൾ മഫ്തിയിൽ നടത്തിയ പരിശോധനയിൽ ലഭിച്ചതെന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
വണ്ടിയുടെ മോട്ടോറിലാണ് വേഗം കൂട്ടാനും കുറയ്ക്കാനുമുള്ള ലോക്ക് ഘടിപ്പിച്ചിട്ടുള്ളത്. വേഗംകൂട്ടാൻ ഇതിനായി വണ്ടിയിൽ പ്രത്യേക സ്വിച്ച് ഘടിപ്പിച്ചിട്ടുണ്ട്. മൂന്നുതരത്തിലാണ് സ്കൂട്ടറിന്റെ വേഗം കൂട്ടുന്നത്. ആദ്യ മോഡിൽ ഇട്ടാൽ 25 കിലോമീറ്റർ വേഗത്തിൽ മാത്രം ഓടും. രണ്ടാമത്തെ മോഡിൽ 32 കിലോ മീറ്റർ, മൂന്നാം മോഡിൽ 40-ന് മുകളിൽ കിട്ടും. ഇത്തരത്തിലുള്ള പ്രത്യേക സ്വിച്ചാണ് ഇവർ ക്രമീകരിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..