കാക്കനാട് : ഒരു ഭിത്തി നിർമിച്ച് ഇരുവശത്തേക്കും ചായ്പ് പോലെ ഓടിട്ട് മേഞ്ഞ് രണ്ട് വീടുകൾ. ഇതുപോലെ ഒട്ടേറെ വീടുകൾ. ഇതായിരുന്നു തൃക്കാക്കര നഗരസഭയിലെ 11-ാം ഡിവിഷനായ നിലംപതിഞ്ഞിമുകളിലെ ലക്ഷംവീട് കോളനി. എന്നാൽ ആ പഴയ വീടുകൾ കാണാനായി ഇപ്പോൾ അങ്ങോട്ട് ചെന്നാൽ ആരുമൊന്ന് ഞെട്ടും. അതൊക്കെ ഇടിച്ചുനിരത്തി വില്ല മാതൃകയിൽ സുന്ദരമായ പുതുപുത്തൻ വീടുകൾ നിർമിച്ചിരിക്കുകയാണ് തൃക്കാക്കര നഗരസഭ.
16 കുടുംബങ്ങളുടെ സ്വപ്നസാഫല്യമായി 16 ഒറ്റ വീടുകൾ. 'ഡ്രീം വില്ല' എന്നുപേരിട്ട് ലക്ഷംവീട് കോളനിയുടെ പദവി ഉയർത്തുകയും ചെയ്തിരിക്കുന്നു.
വിവിധ ഫണ്ടുകളുപയോഗിച്ച് വാർഡ് കൗൺസിലർ എം.ഒ. വർഗീസിന്റെ നേതൃത്വത്തിലാണ് നഗരസഭ പുതിയ ഭവനപദ്ധതി പൂർത്തീകരിച്ചത്. ഒൻപത് ലക്ഷം രൂപ ചെലവിട്ടാണ് ഓരോ വീടും പൂർത്തിയാക്കിയത്. ഇതോടൊപ്പം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും കോളനിയിലെ പ്രത്യേക കുടിവെള്ള പദ്ധതിക്കുമായി അന്തരിച്ച മുൻ എം.എൽ.എ. പി.ടി. തോമസ് അനുവദിച്ച 48 ലക്ഷം രൂപയും നഗരസഭ അനുവദിച്ച 95 ലക്ഷം രൂപയും ചെലവഴിച്ചു.
ഭവനപദ്ധതിയുടെ ഉദ്ഘാടനവും താക്കോൽദാനവും ശനിയാഴ്ച വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
പുതിയ പദ്ധതിയുടെ നാമകരണം ഹൈബി ഈഡൻ എം.പി. നിർവഹിക്കും. ഉമാ തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കുടിവെള്ളപദ്ധതി ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നിർവഹിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..