കൊച്ചി : നഗരത്തിലെ മാലിന്യപ്രശ്നം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച അടിയന്തര കൗൺസിൽ ചേരാനിരിക്കെ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് മറുകണ്ടം ചാടിയത് ഇടതുമുന്നണിക്ക് തിരിച്ചടിയായി. ഇടതുമുന്നണിയുടെ പിന്തുണയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ സ്വതന്ത്ര അംഗം ടി.കെ. അഷറഫ്, യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പൊതുവേദിയിൽ എത്തി. നഗരസഭാ ഭരണത്തിനെതിരേ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന ജാഥ കെച്ചിയിൽ എത്തിയപ്പോൾ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്ത സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് അഷറഫ് മുന്നണി മാറ്റം പരസ്യമാക്കി.
ബ്രഹ്മപുരം അഗ്നിബാധയ്ക്കു ശേഷം അഷറഫ് യു.ഡി.എഫിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. കാര്യങ്ങൾ തന്നോട് ആലോചിക്കുന്നില്ലെന്ന പരാതി അഷറഫിനുണ്ടായിരുന്നു. അതുവരെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും മേയറുടെ ഭാഗത്തുനിന്നോ സി.പി.എമ്മിന്റെ ഭാഗത്തുനിന്നോ കാര്യമായ ഇടപെടൽ ഉണ്ടായിരുന്നില്ല.
അഗ്നിബാധയ്ക്കുശേഷം എല്ലാം സി.പി.എം. നിയന്ത്രണത്തിലാണ് പോകുന്നത്. കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണ്. മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും നേതൃത്വം നൽകിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. ഇതോടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് റോളില്ലാതായി. ഇത് അഷറഫിനെ ചൊടിപ്പിച്ചിരുന്നു. അഷറഫിന്റെ അവസ്ഥ മനസ്സിലാക്കിയ യു.ഡി.എഫ്. അവസരം നോക്കി ഇടപെട്ടതോടെ കളംമാറ്റം എളുപ്പമായി. മറ്റൊരു സ്വതന്ത്ര അംഗമായ സനൽമോനെയും യു.ഡി.എഫിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 33 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ഭരണം അട്ടിമറിക്കണമെങ്കിൽ 38 അംഗങ്ങളുടെ പിന്തുണ വേണം. കാര്യങ്ങൾ അവിടേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ്. നേതാക്കൾ സ്വതന്ത്ര അംഗങ്ങളുമായുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. പാർട്ടി വിട്ടുപോയവരെ കൊണ്ടുവരാനും നീക്കമുണ്ട്. വിപ്പ് ലംഘിച്ചതിനെത്തുടർന്ന് വർക്സ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരേ യു.ഡി.എഫ്. നിയമ നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്. കാര്യങ്ങൾ അനുകൂലമാവുകയാണെങ്കിൽ അതെല്ലാം പുനഃപരിശോധിക്കുമെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ.
ഒന്നും കമ്മിറ്റിയിൽ ആലോചിക്കുന്നില്ല -ടി.കെ. അഷറഫ്
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഒരു കാര്യവും ആലോചിക്കുന്നില്ലെന്ന് ടി.കെ. അഷറഫ് മാതൃഭൂമിയോട് പറഞ്ഞു. ബ്രഹ്മപുരത്തെ അഗ്നിബാധയ്ക്കു ശേഷം എല്ലാം തന്നിഷ്ടംപോലെയാണ് ചെയ്യുന്നത്. ചൊവ്വാഴ്ച ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് അടിയന്തര കൗൺസിലിൽ വരുന്ന ഒരു കാര്യവും സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ല. കമ്മിറ്റി ചർച്ച ചെയ്തിട്ടുവേണം അജൻഡ കൗൺസിലിൽ വരാൻ. അജൻഡയിൽ തീരുമാനത്തിനായി വരുന്ന പല കാര്യങ്ങളും നടപ്പാക്കിത്തുടങ്ങി എന്നതാണ് യാഥാർത്ഥ്യം. ടെൻഡർ നടപടികളൊന്നുമില്ലാതെയാണ് പ്രവൃത്തികൾ നടക്കുന്നത്. സ്വകാര്യ കമ്പനിക്ക് മാലിന്യം കൊടുക്കാനുള്ള തീരുമാനം നഗരസഭയ്ക്ക് ബാധ്യതയാവും. 2.15 കോടി രൂപയാണ് ഇതിനായി ചെലവുവരുന്നത്. ബ്രഹ്മപുരത്ത് ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾക്കായി വൻ തുകയാണ് ചെലവഴിക്കുന്നത്. വാഹന വാടക ഇനത്തിലെല്ലാം കൂടിയ നിരക്കാണ് നൽകുന്നതെന്നും അഷറഫ് പറഞ്ഞു. പല കാര്യങ്ങളും തനിക്ക് പറയാനുണ്ട്. എന്നാൽ, ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അഷറഫ് പറഞ്ഞു.
ഭരണത്തെ ബാധിക്കില്ല-മേയർ
ടി.കെ. അഷറഫ് യു.ഡി.എഫിനെ പിന്തുണച്ചാലും ഭരണത്തെ ബാധിക്കുകയില്ലെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. അഷറഫ് മുൻപും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. കോർപ്പറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങളിൽ വിവിധ രാഷ്ട്രീയ കക്ഷികളാണുള്ളത്. എല്ലാവരുടെയും സഹകരണത്തോടെയാണ് ഭരണം മുന്നോട്ടു പോകുന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഭരണമാറ്റം നടത്തണമെങ്കിൽ മുപ്പത്തെട്ടുപേരുടെ പിന്തുണ വേണം. അതുണ്ടാക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ യു.ഡി.എഫിന് സാധിക്കില്ലെന്നും മേയർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..