Caption
കാക്കനാട് : തൃക്കാക്കര നഗരസഭയിലെ മാലിന്യ വിവാദത്തിന് പിന്നാലെ നഗരസഭാ ചെയർപേഴ്‌സന്റെ ചേംബറിൽ മാലിന്യം കെട്ടിത്തൂക്കി പ്രതിഷേധം. മാലിന്യക്കവറുകൾ തൂക്കിപ്പിടിച്ച് എൽ.ഡി.എഫ്. കൗൺസിലർമാർ തൃക്കാക്കര നഗരസഭയിൽ എത്തിയതോടെയാണ് നാടകീയരംഗങ്ങൾക്ക് തുടക്കമായത്.
ഇവരുടെ വരവ് ഓഫീസ് കവാടത്തിൽ പോലീസ് തടഞ്ഞു. കൗൺസിലർമാരും പോലീസും തമ്മിൽ ഉന്തുംതള്ളുമായി. ഇതിനിടയിൽ വനിതാ കൗൺസിലർമാർ പോലീസുകാരെ തള്ളിമാറ്റി അകത്തുകയറി. പിന്നാലെ മറ്റ് അംഗങ്ങളും അകത്തു കടന്നു.
ഇതിനിടയിലാണ് ചെയർപേഴ്സന്റെ ചേംബറിന്റെ വാതിൽപ്പിടിയിൽ മാലിന്യക്കവറുകൾ കെട്ടിത്തൂക്കിയത്. എന്നാൽ, ഇവരുടെ പ്രതിഷേധ സമയത്ത് ചെയർപേഴ്സൺ ഓഫീസിൽ ഉണ്ടായിരുന്നില്ല. പൂട്ടിക്കിടന്ന ഓഫീസ് ചേംബറിന് മുന്നിൽ മാലിന്യം കെട്ടിത്തൂക്കിയും കുറച്ച് മാലിന്യക്കവർ വാതിലിന് മുൻപിൽ വെച്ചും മുദ്രാവാക്യംവിളിച്ച് പ്രതിഷേധക്കാർ പിന്നാലെ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷിജുവിന്റെ ചേംബറിലെത്തുകയായിരുന്നു.
വീടുകളിലും റോഡുകളിലും കൂന്നുകൂടിയ മാലിന്യം നീക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഹളംവെച്ച് കൗൺസിലർമാർ ഇൻസ്പെക്ടറുടെ ഇരിപ്പിടത്തിന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ കൗൺസിലർമാരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കിയാണ് രംഗം ശാന്തമാക്കിയത്.
ബുധനാഴ്ച രാവിലെ 11-ഓടെയാണ് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ പ്രതിഷേധവുമായെത്തിയത്. വീടുകളിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടുന്ന മാലിന്യം നീക്കാൻ നഗരസഭ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
കോർപ്പറേഷൻ സ്പോൺസേഡ് സമരം - ചെയർപേഴ്സൺ
തൃക്കാക്കര നഗരസഭയിൽ മാലിന്യക്കവറുകൾ കെട്ടിത്തൂക്കിയിട്ടുള്ള സമരം കൊച്ചി കോർപ്പറേഷൻ സ്പോൺസർ ചെയ്തതാണെന്ന് നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ ആരോപിച്ചു. അവിടത്തെ മാലിന്യപ്രശ്നത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇവിടത്തെ എൽ.ഡി.എഫ്. കൗൺസിലർമാരെക്കൊണ്ട് ഇത്തരം വേഷംകെട്ടിച്ചത്.
മാലിന്യം മൂടാനുള്ള തീരുമാനവും നടപ്പാക്കിയില്ല - പ്രതിപക്ഷ നേതാവ്
വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യനീക്കം നിലച്ചിട്ട് രണ്ടാഴ്ചയായെന്ന് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു ആരോപിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്തി തത്‌കാലത്തേക്ക് നഗരസഭ മാലിന്യം കുഴിച്ചുമൂടാനുള്ള സർവകക്ഷി യോഗതീരുമാനവും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..