കാക്കനാട് : വീടുകളിലും റോഡരികിലും കുന്നുകൂടിയ ജൈവ മാലിന്യം ഒടുവിൽ തൃക്കാക്കര നഗരസഭ കടന്നു. വെള്ളിയാഴ്ച മുതലാണ് ജൈവ മാലിന്യം നീക്കാൻ തുടങ്ങിയത്. എടപ്പാളിൽ പ്രവർത്തിക്കുന്ന ഫെഡ്‌കോ എന്ന സ്വകാര്യ കമ്പനിക്കാണ് കരാർ നൽകിയത്. വെള്ളിയാഴ്ച നഗരസഭാ ചെയർപേഴ്‌സൺ അജിതാ തങ്കപ്പൻ വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളത്തിനിടെ തന്നെ ഈ കരാറിന് അംഗീകാരവും നൽകി. ജൈവ മാലിന്യ ശേഖരണം സംബന്ധിച്ച ടെൻഡറിൽ മൂന്ന് കമ്പനികളാണ് നഗരസഭയെ സമീപിച്ചത്.
കിലോയ്ക്ക് മൂന്ന് രൂപ 20 പൈസ, നാല് രൂപ, ആറ്ു രൂപ തുടങ്ങിയ നിരക്കാണ് സ്വകാര്യ സ്ഥാപനങ്ങൾ മുന്നോട്ടുവെച്ചത്. ഇതിൽ നാല് രൂപയ്ക്ക് ക്വാട്ട് ചെയ്തിരുന്ന ഫെഡ്‌കോയ്ക്ക് കരാർ നൽകാൻ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. എന്നാൽ, കുറഞ്ഞ തുക ടെൻഡറിൽ രേഖപ്പെടുത്തിയ കമ്പനിക്ക് കരാർ നൽകണമെന്ന് എൽ.ഡി.എഫ്. അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ കമ്പനിക്ക് കരാർ നൽകിയാൽ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിച്ചു നൽകണം, ആറ്ു കോടി രൂപ മുൻകൂർ നൽകണം, ജൈവ മാലിന്യം പൂർണതോതിൽ കൊണ്ടുപോകില്ല തുടങ്ങിയ നിബന്ധനകളാണ് ഇവർ മുന്നോട്ടുവെച്ചതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു.
കിലോയ്ക്ക് നാല് രൂപ അംഗീകരിച്ചിട്ടുള്ള കമ്പനിക്ക് ഇത്തരം ആവശ്യങ്ങളില്ല. ബ്രഹ്‌മപുരത്തേക്ക് നേരത്തേ കൊണ്ടുപോയ മാതൃകയിൽ ഇവരുടെ വാഹനത്തിലേക്ക് മാലിന്യം കയറ്റിയാൽ മാത്രം മതിയെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി.
നാല് രൂപയ്ക്ക് നൽകുന്നതിൽ അഴിമതിയുണ്ടെന്നും മാലിന്യ സംസ്‌കരണത്തിന്റെ പേരിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു പറഞ്ഞു. കൗൺസിൽ യോഗത്തിന് തൊട്ട് മുൻപ് സ്വകാര്യ കമ്പനിക്ക് അനുമതി നൽകി കൗൺസിലിനെ നോക്കുകുത്തിയാക്കിയെന്നും എൽ.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു. ബ്രഹ്‌മപുരം തീപ്പിടിത്തത്തെ തുടർന്ന് തൃക്കാക്കരയിലും ഉറവിട മാലിന്യ സംസ്‌കരണം ശക്തമാക്കുന്നതിനായി വീടുകളിൽ നിന്ന് ജൈവ മാലിന്യം ശേഖരിക്കുന്നത് നിർത്തിവെച്ചിരുന്നു. വീടുകളിലേക്ക് ബയോ ബിന്നുകൾ നൽകിയെങ്കിലും ഈ സംസ്‌കരണം പാളി. വീടുകളിലും റോഡുകളിലും മാലിന്യം കുന്നുകൂടിയതോടെയാണ് ജൈവ മാലിന്യവും സ്വകാര്യ കമ്പനിക്ക് നൽകാൻ നഗരസഭ തീരുമാനിച്ചത്.
വീട്ടിലെ മാലിന്യത്തിന് 200 രൂപ
വീടുകളിൽ നിന്ന് ജൈവ മാലിന്യം ശേഖരിക്കുന്നതിനുള്ള തുക നഗരസഭ ഉയർത്തി. ഇനി 200 രൂപ പ്രതിമാസം നൽകണം. എന്നാൽ, വീടുകളിൽ ബയോ ബിന്നുകളിൽ ജൈവ മാലിന്യം സംസ്‌കരണം നടത്തുന്നവർ യൂസർ ഫീ നൽകി മാലിന്യം നൽകേണ്ടതില്ലെന്നും നഗരസഭ വ്യക്തമാക്കി. 200 രൂപയിൽ 125 രൂപ ഹരിതകർമ സേനയ്ക്കും 75 രൂപ നഗരസഭയ്ക്കുമാണ്. ഫ്ലാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ജൈവ മാലിന്യം ശേഖരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
എന്നാൽ, ജനങ്ങളിൽ നിന്നും കൂടുതൽ തുക ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..