രണ്ടുരൂപ കൂട്ടി ബസ് ടിക്കറ്റ്: ഏഴ് സ്വകാര്യ ബസുകൾക്ക് ആർ.ടി.ഒ. നോട്ടീസ്


2 min read
Read later
Print
Share

Caption

കാക്കനാട് : മേനക, ബോട്ട്‌ജെട്ടി സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് ഒന്നാണ്. എന്നാൽ, ബോട്ട്‌ജെട്ടിയിൽ ഇറങ്ങുന്നവരോട് രണ്ടുരൂപ കൂടുതൽ വാങ്ങുന്ന ബസുകളുണ്ട്. ഇക്കാരണത്താൽ ഏഴ് സ്വകാര്യ ബസുകൾക്ക് എറണാകുളം ആർ.ടി.ഒ. കാരണംകാണിക്കൽ നോട്ടീസ് നൽകി. ഏഴു ദിവസത്തിനകം കൂടുതൽ തുക വാങ്ങിയതിന് വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ വ്യക്തമാക്കി.

പ്രധാനപ്പെട്ട രണ്ടു ബസ് സ്റ്റോപ്പുകളായ മേനക, ബോട്ട്‌ജെട്ടി എന്നിവയുടെ ഫെയർ സ്റ്റേജ് ഏകീകരിച്ചതാണ്. ജില്ലാ കളക്ടർ ചെയർമാനായി ആർ.ടി.എ. ബോർഡാണ് ഫെയർ സ്റ്റേജ് ഏകീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും യാത്രക്കാരെ അറിയിക്കാതെ ടിക്കറ്റിന് അധിക തുക ഈടാക്കുകയാണ് ബസ് ജീവനക്കാർ ചെയ്തുകൊണ്ടിരുന്നതെന്ന് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഇടപ്പള്ളിയിൽനിന്നും കാക്കനാടുനിന്നും ബോട്ട്‌ജെട്ടി സ്റ്റോപ്പിൽ ഇറങ്ങിയ യാത്രക്കാരാണ് പരാതിക്കാർ. ആലുവ-എറണാകുളം, കാക്കനാട്-എറണാകുളം റൂട്ടിലോടുന്ന ബസുകൾക്കെതിരേയാണ് നടപടിയെടുത്തത്. ഇടപ്പള്ളി സ്റ്റോപ്പിൽനിന്ന് ബസിൽ കയറി ബോട്ട്‌ജെട്ടിയിൽ ഇറങ്ങുന്ന യാത്രക്കാരന് 13-ഉം കാക്കനാടുനിന്ന്‌ കയറുന്ന യാത്രക്കാരന് 18 രൂപയുമാണ് മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്ക്. എന്നാൽ, ഇതിനു പകരം രണ്ടുരൂപ കൂട്ടി ഇടപ്പള്ളിക്കാരോട് 15-ഉം കാക്കനാട്ടുകാരോട് 20-ഉം രൂപയുമാണ് യാത്രക്കൂലിയായി വാങ്ങിയിരുന്നത്. അന്വേഷണത്തിൽ ഇതു ബോധ്യപ്പെട്ടതോടെയാണ് ഏഴ് ബസുകൾക്കെതിരേ നടപടിയെടുക്കുന്നത്.

അടുത്ത ആർ.ടി.എ. ബോർഡ് യോഗത്തിൽ ഈ ബസുകളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

വർഷങ്ങളായി യാത്രക്കാർ കൂടുതൽ ഇറങ്ങിയിരുന്ന രണ്ട് സ്റ്റോപ്പുകളായിരുന്നു മേനകയും ബോട്ട്‌ജെട്ടിയും. മേനകയിൽനിന്ന് അര കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ജെട്ടിയിലേക്ക് ഏതാനും വർഷം മുൻപ്‌ രണ്ട് രൂപയാണ് ബസുകാർ അധികമായി വാങ്ങിയിരുന്നത്.

യാത്രക്കാർ മേനക, ബോട്ട്‌ജെട്ടി സ്റ്റോപ്പുകളിലെ ഫെയർസ്റ്റേജ് യാത്രക്കൂലി ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ രംഗത്തെത്തി. പിന്നാലെ പ്രതിഷേധം കടുപ്പിച്ചതോടെ 2017 ജൂലായ്‌ ആറിന് ആർ.ടി.എ. ബോർഡ് രണ്ട് സ്റ്റോപ്പുകൾക്കും ഒരേ നിരക്ക് തീരുമാനിച്ച് ഉത്തരവിറക്കി. 10 രൂപയാണ് അന്നത്തെ ചാർജ്. എന്നാൽ 2022-ൽ പുതുക്കിയ ബസ് ചാർജ് വർധനയ്ക്കൊപ്പം ഈ സ്റ്റോപ്പിൽ ഇറങ്ങുന്ന യാത്രക്കാരോട് രണ്ടു രൂപ അധികച്ചാർജ് മാറ്റമില്ലാതെ ഇപ്പോഴും വാങ്ങുകയാണെന്നാണ് ആർ.ടി. ഒ.യുടെ അന്വേഷണത്തിൽ വ്യക്തമായത്.

മേനക, ബോട്ട്‌ജെട്ടി സ്റ്റോപ്പുകളുടെ ഫെയർ സ്റ്റേജ് ഏകീകരിച്ചതാണ്. എന്നാൽ ബോട്ട്‌ജെട്ടിയിൽ ഇറങ്ങുന്നവരോട് മേനക സ്റ്റോപ്പിലേതിനേക്കാൾ രണ്ടുരൂപ കൂടുതൽ വാങ്ങുന്ന ബസുകളുണ്ട്. ഇവക്കെതിരേയാണ് നടപടി

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..