.
കൊച്ചി : ഇടപ്പള്ളിയിലെ ഹോട്ടലിൽ ആൺ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി കൊല്ലപ്പെട്ടു. പാലക്കാട് തിരുനെല്ലായി വിൻസെൻഷ്യൻ കോളനിയിൽ ചിറ്റിലപ്പിള്ളി പോൾസണിന്റെ മകൾ ലിൻസി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ജെസ്സിൽ ജലീലിനെ (36) എളമക്കര പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് ഇടപ്പള്ളിയിലെ ഹോട്ടലിൽ ലിൻസിയെ അബോധാവസ്ഥയിൽ മാതാപിതാക്കൾ കണ്ടെത്തിയത്. ജെസ്സിൽ വിവരമറിയിച്ചതിനെത്തുടർന്ന് പാലക്കാട്ടു നിന്നെത്തിയ ലിൻസിയുടെ മാതാപിതാക്കൾ ചേർന്നാണ് യുവതിയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് മാതാപിതാക്കൾ എളമക്കര പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
പോലീസ് പറയുന്നത്: കുറച്ചു ദിവസങ്ങളായി ജെസ്സിലും ലിൻസിയും ഹോട്ടലിൽ താമസിച്ചു വരുകയായിരിന്നു. ജെസ്സിലിനെ കാനഡയിൽ കൊണ്ടുപോകാമെന്നും കടബാധ്യതകൾ തീർത്തു തരാം എന്നും പറഞ്ഞ് യുവതി കബളിപ്പിച്ചതിലെ വിരോധമാണ് കൊലപാതകത്തിനു പിന്നിൽ. വൈരാഗ്യംമൂലം ജെസ്സിൽ ലിൻസിയുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചവിട്ടി താഴെ വീഴ്‌ത്തുകയും ചെയ്തു. ഇതെത്തുടർന്ന് ലിൻസി അബോധാവസ്ഥയിലായി. തുടർന്ന് ജെസ്സിൽ ലിൻസിയുടെ വീട്ടുകാരെ വിളിച്ച് ലിൻസി ബാത്റൂമിൽ വീണുവെന്നും ബോധമില്ലെന്നും അറിയിച്ചു.
മാതാപിതാക്കൾ ഹോട്ടലിലെത്തിയപ്പോൾ യുവതി വീണുകിടക്കുന്നതാണ് കണ്ടത്. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് എളമക്കര എസ്.എച്ച്.ഒ. സനീഷ് വ്യക്തമാക്കി. ഒളിവിൽ പോയ ജെസ്സിലിനെ പോലീസ് പിടികൂടുകയായിരുന്നു. ഗ്രേസിയാണ് ലിൻസിയുടെ അമ്മ. സഹോദരി: പ്രിൻസി. സംസ്കാരം ചൊവ്വാഴ്ച 9-ന് സെയ്ന്റ് റാഫേൽസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..