• സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഷാജി വാഴക്കാല മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ
കാക്കനാട് : സ്ത്രീവിരുദ്ധ പരാമർശമെന്നുള്ള ആരോപണത്തെ ചൊല്ലിയുണ്ടായ വാഗ്വാദത്തിൽ തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗം കലങ്ങിമറിഞ്ഞു. കോൺഗ്രസ് കൗൺസിലറും മുൻ നഗരസഭാ ചെയർമാനുമായ ഷാജി വാഴക്കാല കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നുവെന്നായിരുന്നു എൽ.ഡി.എഫ്. വനിതാംഗങ്ങളുടെ ആരോപണം.
കൗൺസിലർ ഇക്കാര്യത്തിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യോഗം തുടങ്ങിയപ്പോൾത്തന്നെ സി.പി.എം. അംഗങ്ങൾ രംഗത്തെത്തി. എന്നാൽ, ഷാജി സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും യു.ഡി.എഫിലെ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ നിലപാടെടുത്തു. ഇതോടെ ബഹളമായി. പ്രശ്നത്തിൽ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഇടപെട്ടെങ്കിലും രംഗം ശാന്തമായില്ല. തുടർന്ന് അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്സൺ യോഗം പിരിച്ചുവിടുകയായിരുന്നു.
വൈകീട്ട് നാലോടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഷാജിക്കെതിരേ വനിതാ കൗൺസിലർമാർ നൽകിയ പരാതി പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ്. അംഗങ്ങൾ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന ടി.കെ. ഹരിദാസിനെ ഉപരോധിച്ചു.
അതേസമയം സി.പി.എം. കൗൺസിലറുടെ അങ്കണവാടി നിർമാണത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബില്ലുകൾ തടഞ്ഞുവെച്ചതിലുള്ള പകപോക്കലാണ് വ്യാജ പരാതിക്ക് പിന്നിലെന്ന് ഷാജി വാഴക്കാല പറഞ്ഞു. തന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു മോശം പരാമർശവും ഉണ്ടായിട്ടില്ല. വനിതകളെ മുൻനിർത്തി തന്നെ നിശ്ശബ്ദനാക്കാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷം സ്ത്രീകളെ ഇറക്കിവിട്ട് കൗൺസിൽയോഗം പതിവായി അലങ്കോലപ്പെടുത്തുകയാണെന്നും ഷാജി ആരോപിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..